ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനി വിരമിക്കല്‍ പ്രഖ്യാപനം നടത്തി മിനിറ്റുകള്‍ക്കകം സഹതാരമായ സുരേഷ് റെയ്‌നയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെ തന്നെയാണ് റെയ്‌നയുടേയും വിരമിക്കല്‍ പ്രഖ്യാപനം.
‘നിങ്ങള്‍ക്കൊപ്പം മനോഹരമായി കളിക്കുകയല്ലാതെ മറ്റൊന്നുമില്ല ധോനി, നിങ്ങളുടെ യാത്രയില്‍ നിങ്ങളോടൊപ്പം ചേരുക എന്നത് ഞാന്‍ തിരഞ്ഞെടുക്കുന്നു. ഇന്ത്യക്ക് നന്ദി, ജയ് ഹിന്ദ്’, എന്നായിരുന്നു റെയ്നയുടെ ഇന്‍സ്റ്റഗ്രാം വിഡിയോയിലെ സന്ദേശം.
അടുത്ത മാസം യുഎഇയില്‍ നടക്കുന്ന ഐപിഎല്ലില്‍ ധോനിയും റെയ്നയും ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒരു വര്‍ഷത്തോളം നീണ്ട ഊഹാപോഹങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ എം.എസ്. ധോനി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നത് . ശനിയാഴ്ച വൈകീട്ട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ധോനി വിരമിക്കല്‍ പ്രഖ്യാപിച്ചത്.
സംഭവബഹുലമാണ് എം.എസ് ധോനിയെന്ന ക്രിക്കറ്ററുടെ കരിയര്‍. പിഞ്ച് ഹിറ്ററായി തുടങ്ങി പിന്നീട് ഫിനിഷര്‍ റോളിലേക്ക് ചുവടുമാറ്റി ഇന്ത്യയുടെ വിശ്വസ്തനായ ബാറ്റ്‌സ്മാനായി ധോനി വളര്‍ന്നു. 2005-ല്‍ വിശാഖപട്ടണത്ത് പാകിസ്താനെതിരായ സെഞ്ചുറിയോടെ തന്റെ വരവറിയിച്ച ധോനി പിന്നീട് 2005-ല്‍ സിംബാബ്‌വെയ്‌ക്കെതിരേ 255 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടരുകയായിരുന്ന ഇന്ത്യ അഞ്ചിന് 91 റണ്‍സെന്ന നിലയില്‍ തകര്‍ച്ചയെ നേരിട്ടപ്പോള്‍ 63 പന്തില്‍ 67 റണ്‍സുമായി തിളങ്ങി. അന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ച ധോനി തന്റെ ഫിനിഷിങ് മികവ് ക്രിക്കറ്റ് ലോകത്തിന് കാണിച്ചുകൊടുക്കുകയായിരുന്നു.
ധോനിയുടെ ഏറ്റവും മികച്ച ഏകദിന ഇന്നിങ്‌സായി കണക്കാക്കുന്നത് 2011 ഏപ്രില്‍ രണ്ടിന് മുംബൈയില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരേ പുറത്തെടുത്ത പ്രകടനമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലേക്ക് ധോനിയും അദ്ദേഹത്തിന്റെ ആ ഹെലിക്കോപ്റ്റര്‍ ഷോട്ടും നടന്നുകയറിയ ഇന്നിങ്‌സ്. 28 വര്‍ഷത്തിനു ശേഷം ഇന്ത്യ ലോക കിരീടത്തില്‍ മുത്തമിട്ടതും ആ ഇന്നിങ്‌സോടെയാണ്. ആ ലോകകപ്പ് ടൂര്‍ണമെന്റില്‍ ധോനിയുടെ ബാറ്റ് കാര്യമായ ശബ്ദമൊന്നും ഉണ്ടാക്കിയിരുന്നില്ല. ഫൈനലില്‍ ശ്രീലങ്ക ഉയര്‍ത്തിയ 275 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടരവെ ഇന്ത്യ മൂന്നിന് 114 റണ്‍സെന്ന നിലയിലേക്ക് വീണു. കളി എങ്ങോട്ടു വേണമെങ്കിലും തിരിയാമെന്ന ഘട്ടത്തിലാണ് യുവ്‌രാജിന് പകരം ധോനി സ്വയം പ്രൊമോട്ട് ചെയ്ത് നാലാം നമ്പറിലെത്തുന്നത്. ഗംഭീറിനൊപ്പം സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയും സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ച ധോനി. ഗംഭീര്‍ പുറത്തായ ശേഷം ഇന്നിങ്‌സിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്തു. ഒടുവില്‍ 10 പന്തുകള്‍ ശേഷിക്കെ കുലശേഖരയെ വാംഖഡെയുടെ ഗാലറിയിലേക്ക് പറത്തി ധോനി ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു. 79 പന്തില്‍ 91 റണ്‍സുമായി ധോനി പുറത്താകാതെ നിന്നു.
‘നന്ദി, നിങ്ങള്‍ ഇതുവരെ തന്ന എല്ലാ പന്തുണയ്ക്കും സ്‌നേഹത്തിനും ഒരുപാട് നന്ദി. ഇന്ന് 7.29 മുതല്‍ ഞാന്‍ വിരമിച്ചതായി കണക്കാക്കുക’, വീഡിയോക്കൊപ്പം അദ്ദേഹം കുറിച്ചു.
ഐ.സി.സിയുടെ മൂന്ന് പ്രധാന ട്രോഫികളും നേടിയ ഏക ക്യാപ്റ്റനാണ് ധോനി. 28 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഇന്ത്യയ്ക്ക് ലോകകപ്പ് നേടിത്തന്നതും ധോനി തന്നെ. 2007-ലെ പ്രഥമ ട്വന്റി-20 ലോകകപ്പും ധോനിയുടെ നായകത്വത്തിലാണ് ഇന്ത്യ നേടിയത്. 2013-ലെ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യക്ക് നേടിത്തന്നു. 2019-ലെ ലോകകപ്പ് സെമിഫൈനലില്‍ കിവീസിനോട് തോറ്റ് ഇന്ത്യ പുറത്തായ ശേഷം ധോനി പിന്നീട് മത്സര ക്രിക്കറ്റിന്റെ ഭാഗമായിട്ടില്ല. ഇത്തവണ യു.എ.ഇയില്‍ നടക്കാനിരിക്കുന്ന ഐ.പി.എല്‍ 13-ാം സീസണില്‍ അദ്ദേഹം കളിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
2004-ല്‍ ബംഗ്ലാദേശിനെതിരേ അരങ്ങേറ്റം കുറിച്ച ധോനി പിന്നീട് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരുടെ നിരയിലേക്ക് വളര്‍ന്നു. 350 ഏകദിനങ്ങള്‍ കളിച്ച അദ്ദേഹം 50.57 ശരാശരിയില്‍ 10773 റണ്‍ നേടിയിട്ടുണ്ട്. 10 സെഞ്ചുറികളും 73 അര്‍ദ്ധ സെഞ്ചുറികളും പേരിലുണ്ട്. 98 ട്വന്റി-20 മത്സരങ്ങളില്‍ നിന്നായി 37.60 ശരാശരിയില്‍ 1617 റണ്‍സ് നേടി. രണ്ട് അര്‍ദ്ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു.
Leave a Comment