ബാങ്ക് ലോക്കറില്‍ കണ്ടെടുത്ത അഞ്ചുകിലോ സ്വര്‍ണം വിവാഹസമ്മാനമാണെന്ന വാദം സ്വപ്ന സുരേഷിനു തിരിച്ചടിയാകും. ഈ സ്വര്‍ണവും അനധികൃതമായി കടത്തിയതാണെന്നാണു സൂചന. യു.എ.ഇ. പോലീസിന്റെ കസ്റ്റഡിയിലുള്ള െഫെസല്‍ ഫരീദിനെയും കൂട്ടരെയും ചോദ്യംചെയ്ത ശേഷം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ അന്വേഷണസംഘം വീണ്ടും ചോദ്യംചെയ്തേക്കും.
625 പവന്‍ സ്വര്‍ണമാണ് ബാങ്ക് ലോക്കറില്‍ ഉണ്ടായിരുന്നത്. സ്വപ്നയുടെ ആദ്യവിവാഹം യു.എ.ഇയിലായിരുന്നു. ഇത്രയും സ്വര്‍ണം ഒറ്റത്തവണയായി ഇന്ത്യയിലെത്തിക്കാന്‍ നിയമപരമായി കഴിയില്ല. അല്ലെങ്കില്‍ വന്‍ തുക കസ്റ്റംസ് ഡ്യൂട്ടി കൊടുക്കേണ്ടിവരും. പല തവണയായി എത്തിച്ചു എന്ന വാദത്തിനും കഴമ്പില്ല.
സ്വപ്ന യു.എ.ഇയില്‍നിന്ന് അതിനും മാത്രം തവണ എത്തിയിട്ടില്ല. നിലവിലെ നിയമപ്രകാരം സ്ത്രീകള്‍ക്ക് ഒരുതവണ ഒരുലക്ഷം രൂപ വിലവരുന്ന സ്വര്‍ണമേ ഇന്ത്യയിലെത്തിക്കാന്‍ കഴിയൂ. വിവാഹസമ്മാനം ലഭിച്ചതാണെങ്കില്‍ തന്നെ ഇത്രയും സ്വര്‍ണം കേരളത്തിലെത്തിച്ചത് കള്ളക്കടത്തിലൂടെയാകാമെന്ന നിഗമനവും ശക്തമാണ്.
സ്വപ്നയുടെ വാദത്തിന്റെ പൊരുളറിയാന്‍ ലോക്കര്‍ എടുത്ത സമയം, തുറന്നത് എപ്പോഴൊക്കെ എന്നിവയെല്ലാം എന്‍.ഐ.എ. പരിശോധിച്ചു. ശിവശങ്കരന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടിനെകൂടി പങ്കാളിയാക്കി സ്വപ്ന ജോയിന്റ് ലോക്കറാണ് എടുത്തത്. ഒരിക്കല്‍ പോലും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ലോക്കര്‍ തുറന്നിട്ടില്ലെന്നാണു വിവരം.
സ്വപ്നയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് അകന്ന ബന്ധുവാണെന്നും ഇതാണു പരിചയത്തിലേക്ക് എത്തിച്ചതെന്നുമാണ് ശിവശങ്കര്‍ ആദ്യം പറഞ്ഞത്. എന്നാല്‍, മൊെബെല്‍ കോള്‍ ലിസ്റ്റ് പരിശോധിച്ചപ്പോള്‍ സരിത്തുമായി പല തവണ സംസാരിച്ചിരുന്നെന്നും ഒരു മണിക്കൂര്‍വരെ നീണ്ട സംസാരം നടന്നെന്നും എന്‍.ഐ.എ. കണ്ടെത്തി. യു.എ.ഇയില്‍ എത്തിയ എന്‍.ഐ.എ. സംഘം സ്വപ്ന സുരേഷും ശിവശങ്കറും നടത്തിയ ഗള്‍ഫ് യാത്രകള്‍, അവയുടെ ലക്ഷ്യങ്ങള്‍, ആരുമായൊക്കെ അവര്‍ ബന്ധപ്പെട്ടു തുടങ്ങിയ വിവരങ്ങളും അന്വേഷിക്കും.