ഈ അധ്യയന വര്‍ഷം മുഴുവന്‍ സ്‌കൂളുകള്‍ അടച്ചിടില്ല

ന്യൂഡൽഹി: കോവിഡ് ആശങ്ക നിലനിൽക്കെ സ്കൂൾ തുറക്കുന്നതിൽ വീണ്ടും അനിശ്ചിതത്വം. സെപ്റ്റംബർ 1 മുതൽ ഘട്ടംഘട്ടമായി സ്കൂളുകൾ തുറക്കാൻ ധാരണയായിരുന്നെങ്കിലും മിക്ക സംസ്ഥാനങ്ങളും അനുകൂല നിലപാട് എടുക്കാത്തതാണ് പ്രശ്നം. സ്കൂൾ തുറക്കുന്നതിന്റെ സമയക്രമത്തിൽ അടക്കം അന്തിമ തീരുമാനമായിട്ടില്ലെന്നു കേന്ദ്രം വ്യക്തമാക്കി. അധ്യയനവും പരീക്ഷയും പൂർണമായും ഇല്ലാതാകുന്ന ‘സീറോ അക്കാദമിക് വർഷം’ എന്ന സാഹചര്യം ഉണ്ടാകില്ലെന്നും അറിയിച്ചു.

ഈ അധ്യയന വർഷം പൂർണമായി അടച്ചിടുന്ന സാഹചര്യമുണ്ടാകില്ലെന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അമിത് ഖേര പാർലമെന്ററികാര്യ സ്ഥിരം സമിതിയെ അറിയിച്ചിരുന്നു. സ്കൂൾ, കോളജ് തലത്തിൽ അവസാന വർഷ പരീക്ഷയുണ്ടാകുമെന്നു ചുരുക്കം. സെപ്റ്റംബർ അവസാനത്തോടെയോ ഒക്ടോബറിലോ മുതിർന്ന കുട്ടികളുടെ കാര്യത്തിലെങ്കിലും ക്ലാസ് തുടങ്ങാൻ ആലോചിക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനം കോവിഡ് വ്യാപനം എങ്ങനെയെന്നതിനെ അനുസരിച്ചായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നതിന് അനുകൂലമായ സാഹചര്യം നിലവിൽ ഒരു സംസ്ഥാനത്തും ഇല്ലെന്ന വിലയിരുത്തലാണ് കേന്ദ്ര സർക്കാരിനുമുള്ളത്. അതേസമയം, ക്ലാസുകൾ പൂർണമായി ഒഴിവാക്കി നീട്ടിക്കൊണ്ടു പോകുന്നതിനോട് യോജിപ്പില്ല. അതുകൊണ്ടു തന്നെ, സെപ്റ്റംബർ അവസാനത്തോടെയെങ്കിലും 10 മുതൽ 12 വരെ ക്ലാസുകൾ തുടങ്ങാനാണ് പദ്ധതി. അതാതിടങ്ങളിലെ സാഹചര്യം പരിഗണിച്ചു സംസ്ഥാനങ്ങളുടേതാകും തീരുമാനം. ഓൺലൈനായും ഓഫ്‌ലൈനായുമെല്ലാം വിദ്യാർഥികൾക്കു ക്ലാസ് ലഭിക്കും. പരീക്ഷ അടക്കം നടത്തുന്നതിന് എല്ലാ സാഹചര്യവും ഉറപ്പാക്കും. ഈ വർഷം പൂർണമായി അവധി നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു പാർലമെന്ററി സമിതിക്കു മുന്നിൽ സർക്കാർ നിലപാട്.

Similar Articles

Comments

Advertismentspot_img

Most Popular