പുല്‍വാമയില്‍ വീണ്ടും ഭീകരാക്രമണം; ഒരു സൈനികൻ വീരമൃത്യു വരിച്ചു

കശ്മീരിലെ പുൽവാമയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. ഒരു ഭീകരനെ സൈന്യം വധിച്ചു. ഭീകരരുടെ കയ്യിൽ നിന്ന് ആയുധങ്ങൾ സൈന്യം പിടിച്ചെടുത്തു. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.

തെക്കൻ കാശ്മീരിലെ പുൽവാമ ജില്ലയിലെ കംരാസിപൂർ ഗ്രാമത്തിലാണ് സുരക്ഷാ സേനയുടെ ഭീകരവിരുദ്ധ നടപടിയുണ്ടായത്. ഗ്രാമത്തിൽ ഭീകരർ ഉണ്ടെന്ന് രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ തിരച്ചിലിനിടെയാണ് പുലർച്ചെ മൂന്നു മണിയോടെ ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരരുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൈനികൻ ശ്രീനഗറിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേ വീരമൃത്യു വരിച്ചു. പരുക്കേറ്റ മറ്റൊരു സൈനികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംയുക്ത സേനയുടെ നടപടിയിൽ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു. ഭീകരരിൽ നിന്ന് എകെ 47 തോക്ക്, ഗ്രനേഡ് തുടങ്ങിയ ആയുധങ്ങൾ സൈന്യം പിടിച്ചെടുത്തു. കൊല്ലപ്പെട്ടയാൾ ഹിസ്ബുൾ മുജാഹിദീൻ സംഘത്തിലെ ഭീകരനാണ് എന്ന് സംശയിക്കുന്നു. പ്രദേശത്ത് കൂടുതൽ ഭീകരർ ഉണ്ടെന്ന് വിവരത്തെ തുടർന്ന് തിരച്ചിൽ ശക്തമാക്കി.

pathram:
Related Post
Leave a Comment