വൈറസിനെ വരുതിയിലാക്കും; അത്യാധുനിക സംവിധാനങ്ങളുമായി ഗവേഷണ കേന്ദ്രം

ദുബായ് : ദുബായിൽ കോവിഡ് പഠന-ഗവേഷണത്തിനടക്കം സംവിധാനങ്ങളുള്ള മുഹമ്മദ് ബിൻ റാഷിദ് മെഡിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് തുറന്നു. വൈറസുകളെകുറിച്ചും രോഗങ്ങളെക്കുറിച്ചും പഠിക്കാനും ഗവേഷണം നടത്താനും കഴിയുന്ന രാജ്യത്തെ ആദ്യ ഹൈടെക് ഗവേഷണ കേന്ദ്രമാണിത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു.

ആദ്യഘട്ടത്തിൽ 30 കോടി ദിർഹമാണ് മുതൽമുടക്ക്. സമീപഭാവിയിൽ കൂടുതൽ സംവിധാനങ്ങളൊരുക്കും. അൽ ജലീല ഫൗണ്ടേഷന്റെ കീഴിലാണ് േകന്ദ്രം പ്രവർത്തിക്കുക. ആരോഗ്യമേഖലയിൽ ഭാവിയിലെ വെല്ലുവിളികൾ മുന്നിൽ കണ്ടുള്ള ഗവേഷണപരിപാടികൾ ആരംഭിക്കും. വിവിധ വിഷയങ്ങളിൽ രാജ്യാന്തര വിദഗ്ധരുടെയടക്കം പങ്കാളിത്തത്തോടെ ഗവേഷണം ഊർജിതമാക്കും.

നിർമിതബുദ്ധിയടക്കമുള്ള സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തും. രോഗസാധ്യതകൾ അതിവേഗം കണ്ടെത്താനും ചികിത്സ ലഭ്യമാക്കാനും സംവിധാനമൊരുക്കുകയാണു ലക്ഷ്യം. ഇതിനായി വിപുല വിവരശേഖരം തയാറാക്കും. മികച്ച ഔഷധങ്ങൾ, വാക്സീനുകൾ, ചികിത്സാ സംവിധാനങ്ങൾ എന്നിവ വികസിപ്പിക്കും. വിവിധ രാജ്യങ്ങളിലെ ഗവേഷകർ, സാങ്കേതിക വിദഗ്ധർ, ഡോക്ടർമാർ തുടങ്ങിയവർക്ക് അവസരങ്ങൾ ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. ദുബായ് ഉപഭരണാധികാരി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അൽ ജലീല ഫൗണ്ടേഷൻ ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം, ദുബായ് ദുരന്തനിവാരണ പരമോന്നത സമിതി ചെയർമാൻ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടങ്ങിയവർ പങ്കെടുത്തു.

നേട്ടം എല്ലാവർക്കും

ഗവേഷണരംഗത്ത് ലോകത്തിന് ഏറ്റവും മികച്ച സംഭാവനകൾ നൽകാൻ കഴിയുന്ന കേന്ദ്രമായിരിക്കും ഇത്. ഗവേഷണങ്ങളിൽ പങ്കാളികളാകാൻ വിവിധ രാജ്യങ്ങളിലെ വിദഗ്ധർക്ക് അവസരം നൽകും. ഗവേഷണ നേട്ടങ്ങൾ ലോകത്തിനാകെ ഉപയോഗപ്പെടുത്തും. ഭാവിയിെല വെല്ലുവിളികൾ നേരിടാൻ നൂതന ഗവേഷണകേന്ദ്രങ്ങൾ അനിവാര്യമാണ്. സാമ്പത്തിക, സാമൂഹിക മേഖലകളിലടക്കം മുന്നേറ്റത്തിനു ഇതു വഴിയൊരുക്കും-ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7