കവർച്ചയ്ക്കിടെ കഴുത്ത് മുറിഞ്ഞ് മോഷ്ടാവ് മരിച്ചു. കൈയിലുണ്ടായിരുന്ന ഇലക്ട്രിക് കട്ടർ അബദ്ധത്തിൽ ഓൺ ആയതോടെയാണ് അപകടം സംഭവിച്ചത്. വഡോദരയിലെ ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് ശാഖയിലായിരുന്നു സംഭവം.
ശനിയാഴ്ച അർധരാത്രിയോടെയാണ് മോഷ്ടാവ് ബാങ്കിനകത്ത് കയറിയത്. തുടർന്ന് ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് ലോക്കർ തുറക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഓഫ് ചെയ്ത കട്ടർ അബദ്ധത്തിൽ ഓണായി കഴുത്തിൽ മാരകമായ മുറിവേറ്റത്. ഈ സംഭവങ്ങളെല്ലാം ബാങ്കിന്റെ ചെന്നൈയിലെ വിജിലൻസ് വിഭാഗം സിസിടിവിയിലൂടെ കാണുന്നുണ്ടായിരുന്നു. മോഷ്ടാവ് ബാങ്കിൽ കയറിയതിന് പിന്നാലെ തന്നെ ബാങ്ക് മാനേജറെ ഇവർ വിവരമറിയിക്കുകയും ചെയ്തു. മാനേജറും പോലീസ് സംഘവും ബാങ്കിലെത്തിയപ്പോൾ മരിച്ചുകിടക്കുന്ന മോഷ്ടാവിനെയാണ് കണ്ടത്.
കട്ടർ ഓഫ് ചെയ്ത് പണമെടുക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ കട്ടർ വീണ്ടും ഓൺ ആയെന്നാണ് പോലീസിന്റെയും അധികൃതരുടെയും നിഗമനം. ഇടുങ്ങിയ സ്ഥലമായതിനാൽ ഇലക്ട്രിക് വയറിൽ തട്ടി അത് വലിഞ്ഞതാകാം കട്ടർ വീണ്ടും ഓൺ ആകാൻ കാരണമെന്നും പോലീസ് പറഞ്ഞു. ബാങ്കിൽനിന്ന് പണമൊന്നും നഷ്ടമായിട്ടില്ല. മരിച്ചയാളെ തിരിച്ചറിയാനുള്ള അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.