കോവിഡ് പോസിറ്റീവ് രോഗികളെ ഐസലേറ്റ് ചെയ്തിരിക്കുന്ന ഇടങ്ങളിലെ പ്രതലങ്ങളും വായുവും അണുബാധയേറ്റതാണെന്ന് ഗവേഷണ പഠനം. ഈ പ്രതലങ്ങളും വായുവും രോഗപകര്‍ച്ചയ്ക്ക് കാരണമാകാമെന്നും യൂണിവേഴ്‌സിറ്റി ഓഫ് നെബ്രാസ്‌ക മെഡിക്കല്‍ സെന്ററും നാഷണല്‍ സ്ട്രാറ്റെജിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് നടത്തിയ പഠനം പറയുന്നു.
നേച്ചര്‍ ജേണലിലാണ് ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. യൂണിവേഴ്‌സിറ്റി ഓഫ് നെബ്രാസ്‌ക മെഡിക്കല്‍ സെന്ററില്‍ 13 കോവിഡ് രോഗികള്‍ ഐസലേറ്റ് ചെയ്യപ്പെട്ട സമയത്താണ് ഗവേഷകര്‍ പഠനത്തിനായി പ്രതലങ്ങളുടെയും വായുവിന്റെയും സാംപിളുകള്‍ ശേഖരിച്ചത്. രോഗികള്‍ ഏറ്റവുമധികം തൊടാന്‍ സാധ്യതയുള്ള മൊബൈല്‍ ഫോണുകള്‍, വ്യായാമ ഉപകരണങ്ങള്‍, ടെലിവിഷന്‍ റിമോട്ട്, വൈദ്യോപകരണങ്ങള്‍, മേശപ്പുറം, ജനല്‍ പടികള്‍, കിടക്കയ്ക്ക് സമീപത്തെ മേശ തുടങ്ങിയ ഇടങ്ങളില്‍ നിന്ന് ഗവേഷകര്‍ സാംപിളുകള്‍ ശേഖരിച്ചു. ഐസലേഷന്‍ മുറികള്‍ക്ക് പുറമേ ഇടനാഴിയിലും ഹാളുകളിലും നിന്നുള്ള വായു സാംപിളുകളും ശേഖരിക്കപ്പെട്ടു.
ആര്‍ടി-പിസിആര്‍ ടെസ്റ്റ് ഉപയോഗിച്ച് സാര്‍സ് കോവ്-2ന്റെ ഇ ജീനുകള്‍ക്കായി പരിശോധന നടത്തി. ശേഖരിച്ച 163 സാംപിളുകളില്‍ 121 എണ്ണത്തിലും(72.4 %) കോവിഡ് പോസിറ്റീവ് ഫലം ലഭിച്ചു. വായു സാംപിളുകളില്‍ 63.2 ശതമാനവും പോസിറ്റീവ് ഫലം കാണിച്ചു. മുറിക്ക് പുറത്തെ ഹാളുകളില്‍ നിന്നെടുത്ത വായു സാംപിളുകളില്‍ 58.3 % പോസിറ്റീവായി.
മൊബൈല്‍ ഫോണുകളില്‍ നിന്നെടുത്ത സാംപിളുകളില്‍ 77.8 ശതമാനവും ടിവി റിമോട്ടിന്റെ സാംപിളുകളില്‍ 55.6 ശതമാനവും പോസിറ്റീവായി. ഐസലേഷന്‍ റൂമുകളിലെ ശുചിമുറിയില്‍ നിന്ന് സ്വീകരിച്ച സാംപിളുകളില്‍ 81 % പോസ്റ്റീവായി. മുറിയിലെ പ്രതലങ്ങള്‍ എല്ലാം കൂടി എടുത്ത് നോക്കിയാല്‍ 75 ശതമാനവും സാര്‍സ് കോവി-2 ആര്‍എന്‍എ പോസിറ്റീവ് ഫലം കാണിച്ചു.
കോവിഡ്19 രോഗികള്‍ ചുമച്ചില്ലെങ്കില്‍ കൂടി അണുക്കള്‍ നിറഞ്ഞ എയറോസോള്‍ കണികകള്‍ പുറത്ത് വിടുന്നുണ്ടെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.