അയോധ്യ രാമക്ഷേത്ര നിര്‍മാണത്തെ അഭിനന്ദിച്ചു: മുഹമ്മദ് ഷമിയുടെ മുന്‍ഭാര്യയ്ക്ക് ബലാത്സംഗ ഭീഷണി

അയോധ്യയിൽ ഭൂമിപൂജ നടത്തി രാമക്ഷേത്ര നിർമാണത്തിനു തുടക്കം കുറിച്ചതിനെ അഭിനന്ദിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട മോഡൽ ഹസിൻ ജഹാന് ബലാത്സംഗ ഭീഷണിയും വധ ഭീഷണിയും. ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മുൻ ഭാര്യ കൂടിയാണ് ഹസിൻ ജഹാൻ. രാമക്ഷേത്ര നിർമാണത്തെ അഭിനന്ദിച്ചതിന്റെ പേരിൽ ബലാത്സംഗ ഭീഷണിയും വധ ഭീഷണിയും ഉണ്ടായ വിവരം ഹസിൻ ജഹാൻ തന്നെയാണ് പരസ്യമാക്കിയത്. സംഭവത്തിൽ പൊലീസിന്റെ സൈബർക്രൈം വിഭാഗത്തിന് പരാതി നൽകിയതായും ഹസിൻ ജഹാൻ അറിയിച്ചു.

കഴിഞ്ഞ വർഷം നവംബർ 19ലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് അയോധ്യയിൽ കഴിഞ്ഞ ദിവസം രാമക്ഷേത്ര നിർമാണം ആരംഭിച്ചത്. ഇതിനിടെയാണ് നിർമാണ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ഹസിൻ ജഹാൻ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടത്. ‘അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമാണത്തിനു തുടക്കം കുറിച്ചു നടന്ന ഭൂമിപൂജയിൽ എല്ലാ ഹിന്ദു സഹോദരങ്ങൾക്കും അഭിനന്ദനം’ – എന്നായിരുന്നു ഹസിൻ ജഹാന്റെ കുറിപ്പ്. ശ്രീരാമന്റെയും രാമക്ഷേത്രത്തിന്റെയും ചിത്രവും പങ്കുവച്ചിരുന്നു.

ഇതിനു പിന്നാലെയാണ് ഹസിൻ ജഹാനെതിരെ ഭീഷണിയുമായി ചിലർ കമന്റിട്ടത്. ഹസീബ് ഖാൻ എന്നയാൾ ഹസിൻ ജഹാനെ പീഡനത്തിന് ഇരയാക്കുമെന്ന് ഭീഷണി മുഴക്കിയപ്പോൾ, ചിലർ വധഭീഷണിയും മുഴക്കി.

‘ഓഗസ്റ്റ് അഞ്ചിന് രാമക്ഷേത്രത്തിന്റെ പുനർനിർമാണം ആരംഭിച്ചപ്പോൾ ഹിന്ദു സഹോദരങ്ങളെ അഭിനന്ദിച്ച് ഞാൻ പോസ്റ്റിട്ടിരുന്നു. പക്ഷേ, ചില തൽപര കക്ഷികൾ എന്റെ പോസ്റ്റിനു താഴെ ഭീഷണിയുടെ സ്വരമുള്ള കമന്റുകൾ പോസ്റ്റ് ചെയ്തു. ചിലർ ബലാത്സംഗ ഭീഷണിയും മറ്റു ചിലർ വധഭീഷണിയും മുഴക്കി’ – ഹസിൻ ജഹാൻ പറഞ്ഞു.

‘ഭീഷണി കമന്റുകളുടെ സ്ക്രീൻ ഷോട്ട് സഹിതം ഞാൻ പൊലീസിനു പരാതി നൽകിയിട്ടുണ്ട്. കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ. രാമക്ഷേത്ര നിർമാണത്തിന്റെ പശ്ചാത്തലത്തിൽ നമ്മുടെ ഹിന്ദു സഹോദരങ്ങളെ അഭിനന്ദിച്ച് പോസ്റ്റിട്ടതിന് ഇത്തരത്തിൽ ഭീഷണികൾ ഉണ്ടാകുന്നത് നിർഭാഗ്യകരമാണ്’ – ഹസിൻ ജഹാൻ പറഞ്ഞു.

pathram:
Related Post
Leave a Comment