പാകിസ്താനിൽനിന്ന് കുടിയേറിയ ഹിന്ദു കുടുംബത്തിലെ 11 പേരെ മരിച്ചനിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ ലോഡ്ത ഗ്രാമത്തിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. കൃഷിയിടത്തിലെ കുടിലിനുള്ളിലാണ് മൃതദേഹങ്ങൾ കണ്ടത്. സംഭവം കൂട്ട ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അതേസമയം, രാത്രി കുടിലിന് പുറത്ത് ഉറങ്ങിയ കുടുംബാംഗമായ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്നാണ് ഇയാൾ നൽകിയ മൊഴി. ഇയാളെ ചോദ്യംചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു.
പാകിസ്താനിൽനിന്ന് കുടിയേറിയ കുടുംബം ലോഡ്ത ഗ്രാമത്തിൽ ഭൂമി പാട്ടത്തിനെടുത്ത് വിവിധ കൃഷികൾ നടത്തിവരികയായിരുന്നു. കുടുംബപ്രശ്നങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
എന്താണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും, അതേസമയം കുടിലിൽ ചില രാസവസ്തുക്കളുടെ രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടെന്നും റൂറൽ പോലീസ് സൂപ്രണ്ട് രാഹുൽ ബർഹാത് പറഞ്ഞു. മൃതദേഹങ്ങളിൽ മുറിവുകളോ പരിക്കേറ്റതിന്റെ അടയാളങ്ങളോ ഇല്ല. അതിനാൽ രാത്രിയിൽ എന്തെങ്കിലും രാസവസ്തു കഴിച്ച് ജീവനൊടുക്കിയെന്നാണ് സംശയമെന്നും അദ്ദേഹം വ്യക്തമാക്കി. കസ്റ്റഡിയിലെടുത്തയാളെ വിശദമായി ചോദ്യംചെയ്യുന്നതോടെ സംഭവത്തിൽ വ്യക്തത വരുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
members-of-pak-hindu-migrated-family-found-dead