ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച് റിയ; ഇഡിയുടെ കര്‍ശന നിലപാട്; തുടര്‍ന്ന് സമയത്തിന് മുമ്പേ ചോദ്യം ചെയ്യലിന് ഹാജരായി

മുംബൈ: സുശാന്തിന്റെ മരണവുമായി ബന്ധമുള്ളതെന്ന് ആരോപണമുയര്‍ന്ന വന്‍ സാമ്പത്തിക ഇടപാട് കേസില്‍ നടന്റെ മുന്‍ കാമുകി റിയ ചക്രവര്‍ത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു (ഇഡി) മുന്നില്‍ ഹാജരായി. ഇന്ന് ഹാജരാകണമെന്ന് ഇഡി നോട്ടിസ് നല്‍കിയപ്പോള്‍, സുപ്രീംകോടതി ഹര്‍ജി പരിഗണിക്കുന്നതു ചൂണ്ടിക്കാട്ടി ഒഴിഞ്ഞുമാറാന്‍ റിയ ശ്രമിച്ചിരുന്നു. ഇഡി കര്‍ശന നിലപാട് എടുത്തതോടെ സമയപരിധിയായ 11.30ന് മുമ്പായി നടി മുംബൈയിലെ ഓഫിസില്‍ ഹാജരാവുകയായിരുന്നു.

റിയ ചക്രവര്‍ത്തി നിയമം പാലിക്കുന്ന പൗരയാണ്. ഹാജരാകുന്നതു മറ്റൊരു ദിവസത്തേക്കു മാറ്റണമെന്ന റിയയയുടെ ആവശ്യം ഇഡി നിരസിച്ചെന്നു മാധ്യമ വാര്‍ത്തകളിലൂടെ അറിഞ്ഞു. അതനുസരിച്ച് റിയ മുന്‍പു പറഞ്ഞ സമയത്തു തന്നെ ഹാജരായി.’ നടിയുടെ അഭിഭാഷകന്‍ സതീഷ് മനേഷിന്‍ഡെ പറഞ്ഞു. സുശാന്തിന്റെ മരണത്തില്‍ റിയയ്ക്കു പങ്കുണ്ടെന്നാണു നടന്റെ കുടുംബം ആരോപിക്കുന്നത്. സുശാന്തിന്റെ ബാങ്ക് അക്കൗണ്ടുകളില്‍നിന്നു കോടിക്കണക്കിനു രൂപ റിയ മാറ്റിയെന്നും മാനസികമായി പീഡിപ്പിച്ചിരുന്നെന്നുമാണ് ആക്ഷേപം. 15 കോടിയുടെ ദുരൂഹ ഇടപാടുണ്ടെന്നാണ് അനൗദ്യോഗിക വിവരം.

സുശാന്തിന്റെ പേരിലുള്ള നാലു ബാങ്ക് അക്കൗണ്ടുകളില്‍ രണ്ടെണ്ണത്തിലെ പണം റിയയുടെ അക്കൗണ്ടിലേക്കു മാറ്റിയെന്നാണ് ഇഡിയുടെ പ്രാഥമിക വിലയിരുത്തല്‍. ഈ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കും. മുംബൈയില്‍ പൊന്നുംവിലയുള്ള പ്രദേശങ്ങളില്‍ അടുത്തിടെ റിയയും കുടുംബവും വസ്തുവകകള്‍ വാങ്ങിയിരുന്നു. ഇതിന്റെ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജൂണ്‍ 14ന് ആണു അപ്പാര്‍ട്ട്‌മെന്റില്‍ സുശാന്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയതെന്നാണു മുംബൈ പൊലീസ് പറയുന്നത്.

സുശാന്തിന്റെ പിതാവ് നല്‍കിയ പരാതിയില്‍ ബിഹാര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിനെ അടിസ്ഥാനമാക്കി കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു. റിയ ചക്രവര്‍ത്തി, ഇവരുടെ പിതാവ് ഇന്ദ്രജിത്, മാതാവ് സന്ധ്യ, സഹോദരന്‍ ഷൗവീക്, റിയയുടെയും സുശാന്തിന്റെയും സുഹൃത്തുക്കളായ സാമുവല്‍ മിറാന്‍ഡ, ശ്രുതി മോദി എന്നിവര്‍ക്കെതിരെ ആത്മഹത്യപ്രേരണ, പണം തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണു പരാതി.

follow us pathramonline

pathram:
Leave a Comment