ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ‘കുറുപ്പ്’ സിനിമയ്‌ക്കെതിരെ നിയമനടപടിയുമായി കൊല്ലപ്പെട്ട ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയുടെ ഭാര്യയും മകനും

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ കഥയെന്ന മട്ടില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ‘കുറുപ്പ്’ സിനിമയ്‌ക്കെതിരെ നിയമനടപടിയുമായി കൊല്ലപ്പെട്ട ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയുടെ ഭാര്യയും മകനും. സിനിമ റിലീസ് ചെയ്യുന്നതിനു മുന്‍പ് കാണണമെന്നും സുകുമാരക്കുറുപ്പിനെ മഹത്വവല്‍ക്കരിക്കുന്നതോ കൊല്ലപ്പെട്ട ചാക്കോയെ അപകീര്‍ത്തിപ്പെടുത്തുന്നതോ ആയ ഒന്നും സിനിമയില്‍ ഇല്ലെന്നു ബോധ്യപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് ചാക്കോയുടെ ഭാര്യ ആലപ്പുഴ കരളകം ആലപ്പാട് കണ്ടത്തില്‍ ശാന്തമ്മയും (62) മകന്‍ ജിതിനും (36) ദുല്‍ഖര്‍ സല്‍മാനു വക്കീല്‍ നോട്ടിസ് അയച്ചത്.

ചാക്കോ കൊല്ലപ്പെടുമ്പോള്‍ ശാന്തമ്മ ആറുമാസം ഗര്‍ഭിണിയായിരുന്നു. ജിതിന്‍ ഏക മകനാണ്. ഈ സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ആരും തന്നെയോ കുടുംബത്തെയോ സമീപിക്കുകയോ അനുവാദം വാങ്ങുകയോ ചെയ്തിട്ടില്ലെന്ന് ശാന്തമ്മ പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസറില്‍, യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമയെന്നും അതില്‍ സുകുമാരക്കുറുപ്പിന്റെ ദുഷ്പ്രവൃത്തികളെ ന്യായീകരിക്കത്തക്ക വിവരണം ഉണ്ടായിരുന്നു എന്നും അഡ്വ.ടി.ടി.സുധീഷ് മുഖേന അയച്ച വക്കീല്‍ നോട്ടിസില്‍ ആരോപിക്കുന്നു. നിര്‍മാതാവും നായകനുമായ ദുല്‍ഖര്‍ സല്‍മാന്റെ ശബ്ദത്തിലായിരുന്നു വിവരണമെന്നും വക്കീല്‍ നോട്ടിസിലുണ്ട്.

follow us pathramonline

pathram:
Related Post
Leave a Comment