തിരുവനന്തപുരം: ഇടുക്കി, വയനാട് ജില്ലകളിൽ രണ്ട് ദിവസം കൂടി അതിശക്തമായ മഴയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇടുക്കി, വയനാട്, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ ഇടുക്കി, പാലക്കാട്, വയനാട്, തൃശൂർ ജില്ലകളിൽ അതിശക്തമായ മഴയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ കെ. സന്തോഷ് അറിയിച്ചു.
കേരളത്തിൽ അതിശക്തമായ കാലവർഷം രണ്ട് ദിവസംകൂടി തുടരും. ഇടുക്കി, വയനാട് ജില്ലകളിൽ 24 മണിക്കൂറിൽ അതിശക്തമായ മഴയാണ് ലഭിച്ചത്. അടുത്ത രണ്ട് ദിവസങ്ങളിലും ഈ പ്രദേശങ്ങളിൽ അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. മറ്റുള്ള ജില്ലകളിൽ 20 സെന്റി മീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മാത്രമായിരിക്കും മഴ കുറവ് ലഭിക്കുക. മറ്റ് ജില്ലകളിൽ വ്യാപകമായ കനത്ത മഴയായിരിക്കും. കാറ്റ് അതിശക്തമായി തുടരുകയാണ്. മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽകാറ്റ് വീശാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.