ബാലഭാസ്‌കറിന്റെ മരണം; കലാഭവൻ സോബിയുടെ മൊഴിയെടുക്കും

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവൻ സോബിയുടെ മൊഴി ഇന്ന് സിബിഐ രേഖപ്പെടുത്തും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് തിരുവനന്തപുരം സിബിഐ ഓഫീസിലെത്തിയാണ് സോബി മൊഴി നൽകുക. ബാലഭാസ്‌കറിന്റെ കാർ അപകടത്തിൽപ്പെട്ട സ്ഥലത്ത് സംശയകരമായി ചിലരെ കണ്ടിരുന്നുവെന്ന് സോബി നേരത്തെ മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. സിബിഐ സംഘം കഴിഞ്ഞ ദിവസങ്ങളിൽ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെയും അച്ഛൻ കെ സി ഉണ്ണിയുടെയും മൊഴിയെടുത്തിരുന്നു.

കഴിഞ്ഞ ദിവസമാണ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ ഏറ്റെടുത്തത്. കേസിലെ പ്രാഥമിക എഫ്‌ഐആറും സിബിഐ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മൊഴിയെടുക്കൽ ആരംഭിച്ചത്.

ബാലഭാസ്‌ക്കറിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചത് അച്ഛൻ കെസി ഉണ്ണിയായിരുന്നു. മരണം സംഭവിച്ച് മാസങ്ങൾക്ക് ശേഷം മാനേജർ പ്രകാശൻ തമ്പിയും വിഷ്ണു സോമസുന്ദരം അടക്കമുള്ള സുഹൃത്തുക്കൾ സ്വർണക്കടത്ത് കേസിൽ പിടിയിലായിരുന്നു. ഇതോടെയാണ് ബാലഭാസ്‌കറിന്റെ മരണത്തെക്കുറിച്ച് സംശയങ്ങൾ ശക്തമായത്. ബാലഭാസ്‌കറിന്റെ കുടുംബം അപകടത്തെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കുകയായിരുന്നു.

2018 സെപ്റ്റംബർ 25 ന് പുലർച്ചെ തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ചാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. മകൾ തേജസ്വിനി ബാല അപകട സ്ഥലത്ത് വച്ചു തന്നെ മരണപ്പെട്ടു. ബാലഭാസ്‌കർ തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സിയിലിരിക്കെ ഒക്ടോബർ രണ്ടിനും മരിച്ചു. ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹതയില്ലെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7