ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 674 പേര്‍ക്കാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. സംസ്ഥാനത്തെ ആക്ടീവ് കേസുകളുടെ എണ്ണം 10,000ത്തില്‍ താഴെ എത്തുകയും ചെയ്തിട്ടുണ്ട്. 9,897 ആണ് നിലവില്‍ ആക്ടീവ് കേസുകള്‍. ഇതില്‍തന്നെ 5,000ത്തില്‍ അധികം പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 12 മരണങ്ങള്‍ ഇന്ന് റിപ്പോര്‍ട്ടു ചെയ്തു.
അതിനിടെ, രോഗവ്യാപനം കുറഞ്ഞതില്‍ ഡല്‍ഹിക്കാരെയോര്‍ത്ത് അഭിമാനിക്കുന്നുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. ‘നിലവില്‍ ഡല്‍ഹിയിലെ ആക്ടീവ് കേസുകള്‍ 10,000ത്തില്‍ താഴെയാണ്. ആക്ടീവ് കേസുകളുടെ കാര്യത്തില്‍ 14-ാം സ്ഥാനത്താണ് ഡല്‍ഹി ഇപ്പോള്‍. മരണവും 12 ലേക്ക് കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഡല്‍ഹിക്കാരെ ഓര്‍ത്ത് അഭിമാനിക്കുന്നു. നിങ്ങളുടെ ഡല്‍ഹി മോഡല്‍ എല്ലായിടത്തും ചര്‍ച്ച ചെയ്യുകയാണ്. എന്നാല്‍, അലംഭാവം കാട്ടരുതെന്നും കോവിഡിനെതിരെ എല്ലാ മുന്‍കരുതലും സ്വീകരിക്കണം’ അദ്ദേഹം ട്വീറ്റ് ചെയ്തു.
അതിനിടെ, വൈറസ് വ്യാപനം പ്രവചനാതീതമാണെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കിയിട്ടുണ്ട്. ഒരു മാസംകൂടി കഴിയുമ്പോള്‍ ഡല്‍ഹിയിലെ സ്ഥിതി ഏത് വിധത്തിലായിരിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ല. വാക്സിന്‍ ലഭ്യമാകുംവരെ മാസ്‌ക് ധരിക്കലും, സാമൂഹ്യ അകലം പാലിക്കലും, ശുചിത്വവും കര്‍ശനമായി പാലിക്കണമെന്നും കെജ്രിവാള്‍ നിര്‍ദ്ദേശിച്ചു.
674 പേര്‍ക്കുകൂടി ഇന്ന് കോവിഡ് ബാധിച്ചതോടെ ഡല്‍ഹിയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,39,156 ആയി. 12 മരണങ്ങള്‍ ഇന്ന് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതോടെ ആകെ മരണം 4033 ആയി. 972 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തര്‍ 1,25,226 ആയി.