ബോധരഹിതനായ ആശുപത്രിയില്‍ എത്തിച്ചതെന്ന വാദം തള്ളി ഡോക്ടര്‍, ബാലഭാസ്‌കറിന് ബോധം ഉണ്ടായിരുന്നു, ഡോക്ടറുടെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറെ ബോധരഹിതനായ നിലയിലാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചതെന്ന വാദം തള്ളി അപകടദിവസം കാഷ്വാലിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഫൈസല്‍. മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിയില്‍ എത്തിക്കുമ്പോഴും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകാനായി ആംബുലന്‍സില്‍ കയറ്റുമ്പോഴും ബാലഭാസ്‌കറിനു ബോധം ഉണ്ടായിരുന്നു.

കാറില്‍ ഉറങ്ങുന്നതിനിടെ വലിയ ശബ്ദം കേട്ടാണ് ഉണര്‍ന്നതെന്നു പറഞ്ഞ ബാലഭാസ്‌കര്‍ ഭാര്യയെയും മകളെയും അന്വേഷിച്ചെന്നും ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോ. ഫൈസല്‍ പറഞ്ഞു.

അപകടത്തെക്കുറിച്ച് ഡോക്ടര്‍ പറയുന്നത്:

കാഷ്വാലിറ്റി ഡ്യൂട്ടിക്കിടെ പുലര്‍ച്ചെയാണ് ഓര്‍ത്തോ വിഭാഗത്തിനു മുന്നില്‍ ട്രോളിയില്‍ ബാലഭാസ്‌കറിനെ കാണുന്നത്. പ്രശസ്തനായതിനാല്‍ വേഗം തിരിച്ചറിയാനായി. എന്താണ് സംഭവിച്ചതെന്ന് അദ്ദേഹത്തോടു ചോദിച്ചു. കാറില്‍ ഉറങ്ങുകയായിരുന്നെന്നും വലിയ ശബ്ദം കേട്ടാണ് ഉണര്‍ന്നതെന്നും ബാലഭാസ്‌കര്‍ പറഞ്ഞു. പുറമേ ഗുരുതരമായ മുറിവുകള്‍ ശ്രദ്ധയില്‍പെട്ടിരുന്നില്ല

അപകടത്തില്‍ പരുക്കേറ്റ അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മി നിലവിളിക്കുന്നുണ്ടായിരുന്നു. അത് ലക്ഷ്മിയുടെ ശബ്ദമല്ലേ എന്നും അവര്‍ക്ക് എങ്ങനെയുണ്ടെന്നും ബാലഭാസ്‌കര്‍ ചോദിച്ചു. അവര്‍ക്ക് കുഴപ്പമില്ലെന്ന് മറുപടി നല്‍കി. കുഞ്ഞിനെക്കുറിച്ച് ബാലഭാസ്‌കര്‍ അന്വേഷിച്ചു. ഈ ആശുപത്രിയില്‍ കൊണ്ടുവന്നിട്ടില്ലെന്ന് അദ്ദേഹത്തെ അറിയിച്ചു.

കൈകള്‍ ചലിപ്പിക്കാന്‍ കഴിയുന്നില്ലെന്നും തളര്‍ന്നു പോയെന്നും ബാലഭാസ്‌കര്‍ പറഞ്ഞപ്പോള്‍ താന്‍ പരിശോധിച്ചു. സ്‌കാനിങ്ങിന് കൊണ്ടുപോകാന്‍ തുടങ്ങിയപ്പോഴാണ് ആംബുലന്‍സുമായി ബന്ധുക്കള്‍ എത്തിയത്. ആംബുലന്‍സിലേക്കു കയറ്റുമ്പോഴും ബാലഭാസ്‌കറിന് ബോധമുണ്ടായിരുന്നതായും ഡോക്ടര്‍ പറഞ്ഞു.

ദേശീയപാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജംക്ഷനു സമീപം 2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണ് ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ ബാലഭാസ്‌കറിന്റെ സുഹൃത്തുക്കള്‍ പ്രതികളായതോടെയാണ് അപകടത്തെക്കുറിച്ചു ബന്ധുക്കള്‍ക്ക് സംശയമുണ്ടാകുന്നത്. അപകടം സംബന്ധിച്ച് കേസ് സിബിഐയാണ് അന്വേഷിക്കുന്നത്.

follow us pathramonline

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7