ആശുപത്രിക്കു പുറത്ത് 45 മിനിറ്റോളം ഫിലിപ്പ് മെറിനെ കാത്തുനിന്നു, ആക്രമിക്കുന്നതു തടയാന്‍ ശ്രമിച്ച ദൃക്‌സാക്ഷിയെ ഭീഷണിപ്പെടുത്തി, സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്

യുഎസിലെ മയാമിയില്‍ കുത്തേറ്റു മരിച്ച മലയാളി നഴ്‌സ് മെറിന്‍ ജോയി (28) യെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ ബ്രൊവാഡ് ഹെല്‍ത്ത് ആശുപത്രിക്കു പുറത്ത് ഭര്‍ത്താവ് ഫിലിപ് മാത്യു (നെവിന്‍) 45 മിനിറ്റോളം കാത്തുനില്‍ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. മെറിനെ ആക്രമിക്കുന്നതു തടയാന്‍ ശ്രമിച്ച ദൃക്‌സാക്ഷിയെ ഫിലിപ് ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറയുന്നു.

ഈ യുവാവാണ് കാറിന്റെ ഫോട്ടോയെടുത്ത് ഉടന്‍ പൊലീസിനെ വിവരം അറിയിച്ചത്. കുത്തിയത് ഭര്‍ത്താവെന്ന് മെറിന്‍ പറയുന്നത് പൊലീസ് ചിത്രീകരിച്ചിട്ടുണ്ട്. സ്വയം കുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച ഫിലിപ്പിനെ രണ്ടു കൈയും ബാന്‍ഡേജിട്ട് നിലയിലാണ് കോടതിയില്‍ ഹാജരാക്കിയത്. ഫിലിപ്പിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും കരുതിക്കൂട്ടിയുള്ള കൊലയല്ലെന്ന് ന്യായം പറഞ്ഞ് കുറ്റം ലഘൂകരിക്കാനുള്ള ശ്രമത്തിലാണ് ഫിലിപ് മാത്യുവിന്റെ അഭിഭാഷകന്‍.

പക്ഷേ, പൊലീസ് ഈ വാദം അംഗീകരിച്ചിട്ടില്ല. കത്തിയും ചുറ്റികയും വാങ്ങി ആശുപത്രിയിലെത്തിയത് കൃത്യമായ ആസൂത്രണമെന്ന് പൊലീസ് വിലയിരുത്തുന്നു. ഫിലിപ്പിനെ മാനസിക പരിശോധനയ്ക്കും വിധേയനാക്കി. മെറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍.

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ആംബുലന്‍സില്‍വച്ചാണ് മെറിന്‍ തന്നെ ആക്രമിച്ചത് നെവിന്‍ ആണെന്നു പൊലീസിനെ അറിയിച്ചത്. എമര്‍ജന്‍സി റൂമിനു തൊട്ടടുത്താണ് മെറിന്‍ കുത്തേറ്റു വീണതെങ്കിലും പരുക്കുകള്‍ ഗുരുതരമായിരുന്നതിനാല്‍ മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോകേണ്ടിവന്നു.

അവസാന ഷിഫ്റ്റും കഴിഞ്ഞ് സഹപ്രവര്‍ത്തകരോടു യാത്രപറഞ്ഞ് ബ്രൊവാഡ് ഹെല്‍ത്ത് ആശുപത്രിയില്‍നിന്നു വീട്ടിലേക്കു പോകാന്‍ തയാറെടുക്കുമ്പോള്‍ പാര്‍ക്കിങ് ഏരിയയില്‍ വച്ചാണ് മെറിന്‍ ആക്രമിക്കപ്പെട്ടത്. 17 തവണ കുത്തിയ ശേഷം നെവിന്‍ വാഹനം മെറിന്റെ ശരീരത്തിലൂടെ ഓടിച്ചുകയറ്റുകയായിരുന്നു. പിന്നീട് ഹോട്ടല്‍ മുറിയില്‍നിന്നു നെവിനെ അറസ്റ്റ് ചെയ്തിരുന്നു.

follow us pathramonline

pathram:
Leave a Comment