ഭര്‍ത്താവ് കോവിഡ് നെഗറ്റീവായി തിരിച്ചെത്തിയപ്പോഴേക്കും ഭാര്യക്ക് പോസിറ്റീവ്‌

രണ്ടാഴ്ചത്തെ ചികിത്സയ്ക്കൊടുവിൽ കോവിഡ് നെഗറ്റീവായി മഞ്ചേരിയിൽനിന്ന് ഗൃഹനാഥൻ തിരിച്ച് വീട്ടിലെത്തിയപ്പോൾ ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഭർത്താവിന് പോസിറ്റീവ് ആയതിനെ തുടർന്ന് പരിശോധിച്ചതായിരുന്നു. പക്ഷേ, ഫലം വന്നത് ഭർത്താവ് അസുഖം മാറി വീട്ടിലെത്തിയപ്പോൾ. കഴിഞ്ഞ 11ന് ആണ് ഈശ്വരമംഗലം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. തുടർന്ന് 19ന് ഭാര്യയെയും മക്കളെയും പൊന്നാനി ടിബി ആശുപത്രിയിലെത്തിച്ച് സ്രവപരിശോധന നടത്തി. ഇന്നലെയാണ് ഫലം വന്നത്.

കഴിഞ്ഞ ദിവസം ഭർത്താവ് മഞ്ചേരിയിൽനിന്ന് ചികിത്സ കഴിഞ്ഞ് വീട്ടിലെത്തി. വീട്ടിൽ ക്വാറന്റീനിൽ നിരീക്ഷണം തുടങ്ങിയ ഇയാളുടെ കൂടെ പരിചരണത്തിനായി ഭാര്യയും നിന്നിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ഭാര്യയെ മഞ്ചേരിയിലേക്കു കൊണ്ടുപോയി. ഭർത്താവ് വീണ്ടും നിരീക്ഷണത്തിൽ തുടരുകയാണ്. ‌പൊന്നാനി ടിബി ആശുപത്രി കെട്ടിടത്തിലെ കോവിഡ് പരിശോധനാ കേന്ദ്രത്തിൽ സ്രവ പരിശോധനയും ആന്റിജൻ ടെസ്റ്റും നടക്കുന്നുണ്ട്. സ്രവപരിശോധനയുടെ ഫലം വരാൻ രണ്ടാഴ്ചയോളമെടുക്കുന്നത് ഏറെ ആശങ്ക ഉയർത്തുന്നുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular