ഭാര്യയ്ക്കു തന്നേക്കാള്‍ മികച്ച ജോലി, ആദ്യം വാക്കുതര്‍ക്കങ്ങള്‍, ഇത്ര ക്രൂരമായി മെറിനെ കൊല്ലുമെന്ന് ഒരിക്കലും കരുതിയിയില്ല

അമേരിക്കയില്‍ നഴ്‌സായ മെറിന്‍ ജോയ് കൊല്ലപ്പെട്ട സംഭവത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും മലയാളികളും മലയാളി പ്രവാസി ലോകവും. മെറിനും ഫിലിപ്പും തമ്മിലുള്ള വിവാഹം നടക്കുന്നത് 2016ല്‍ ആണ്. വിവാഹ ശേഷമാണ് മെറിന്‍ അമേരിക്കയിലേക്ക് പോകുന്നത്. വിവാഹത്തിന്റെ ആദ്യ നാളുകളില്‍ സന്തോഷമായിരുന്നെങ്കിലും പിന്നീട് ഇരുവരുടെയും ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തു. പിന്നീട് ഇത് മെറിനെ ദേഹോപദ്രവം ഏല്‍പ്പിക്കുന്നതില്‍ വരെ എത്തിയിരുന്നു.-മെറിന്റെ ഒരു ബന്ധു പറഞ്ഞു.

‘ഫിലിപ്പിന് അത്ര നല്ല ഒരു ജോലി ആയിരുന്നില്ല അവിടെ. അതിന്റെ പ്രശ്‌നങ്ങള്‍ പതിയെ പതിയെ ഫിലിപ്പ് പ്രകടിപ്പിക്കാന്‍ തുടങ്ങി. ഭാര്യയ്ക്കു തന്നേക്കാള്‍ മികച്ച ജോലിയും സമൂഹത്തില്‍ സ്ഥാനവും ലഭിക്കുന്നത് അയാളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. മെറിന്‍ പഠനത്തിലും മറ്റു കാര്യങ്ങളിലുമൊക്കെ മിടുക്കിയായിരുന്നു. ബെംഗളൂരു സെന്റ് ജോണ്‍സിലെ മികച്ച വിദ്യാര്‍ഥിയായിരുന്നു. ആദ്യം വാക്കുതര്‍ക്കങ്ങള്‍ മാത്രമായിരുന്നു. പിന്നീട് ഉപദ്രവിക്കാനും തുടങ്ങി. മെറിനോടുള്ള ഈ സമീപനം അത്ര പാരമ്യത്തില്‍ എത്തിയപ്പോഴാകാം അയാള്‍ കൊലപാതകത്തിന് ഒരുങ്ങിയത്.’- ബന്ധു പറഞ്ഞു.

തങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ മെറിന്‍ വീട്ടുകാരെ അറിയിച്ചിരുന്നെങ്കിലും അത് ഇത്തരത്തില്‍ മൂര്‍ച്ഛിച്ചതായി അറിവില്ലായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ഇവര്‍ അവസാനമായി നാട്ടില്‍ എത്തിയപ്പോള്‍ രണ്ടായിട്ടാണ് തിരിച്ചു പോയത്. ആ വരവില്‍ ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസം പ്രകടമായിരുന്നു. ചെറിയ രീതിയിലുള്ള വഴക്കുകള്‍ ഇരുവരും പറഞ്ഞു തീര്‍ക്കുമെന്നാണ് കരുതിയത്. അതിന് അവളെ ഇത്ര ക്രൂരമായി കൊല്ലുമെന്ന് ഒരിക്കലും കരുതിയില്ലെന്നും ബന്ധു പറയുന്നു.

ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ ഏഴരയോടെയാണ് മെറിന്‍ കൊല്ലപ്പെടുന്നത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ എത്തുമ്പോഴാണ് ഭര്‍ത്താവ് നെവിന്‍ എന്ന ഫിലിപ് മാത്യു മെറിനെ കുത്തി വീഴ്ത്തി ദേഹത്തിലൂടെ കാര്‍ കയറ്റി ഇറക്കിയത്. 17 കുത്തുകളാണ് നെവിന്‍ മെറിനെ കുത്തിയത്. മെറിനെ പൊലീസ് ഉടന്‍തന്നെ പൊംപാനോ ബീച്ചിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുനിന്നു പോയ നെവിനെ പിന്നീട് ഹോട്ടല്‍ മുറിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാള്‍ സ്വയം കുത്തി മുറിവേല്‍പിച്ച നിലയിലായിരുന്നു.

follow us: PATHRAM ONLINE LATEST NEWS

pathram:
Related Post
Leave a Comment