റിയ ഉപദ്രവിക്കുന്നതായി സുശാന്ത് മെസ്സേജ് അയച്ചെന്ന് നടിയുടെ മൊഴി

ന്യൂഡൽഹി• സുശാന്ത് സിങ്ങിന്‍റെ മരണത്തില്‍ ബിഹാര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്‍ത കേസില്‍ പ്രതിയായ റിയ ചക്രവര്‍ത്തിക്കെതിരെ നടന്‍റെ മുന്‍കാമുകി അങ്കിത ലോഖണ്ടെ മൊഴി നല്‍കിയതായി വിവരം. റിയ തന്നെ ഉപദ്രവിക്കുന്നതായി സുശാന്ത് അങ്കിതയോട് വെളിപ്പെടുത്തിയെന്നാണ് സൂചന.

സുശാന്ത് അയച്ച ടെക്സ്റ്റ് മെസേജുകള്‍ അങ്കിത പൊലീസിന് നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത് ശരിവയ്ക്കുന്ന രീതിയില്‍ സത്യം ജയിച്ചുവെന്ന് അങ്കിത തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്‌തു. സുശാന്തിന്‍റെ മരണത്തില്‍ നിരവധി ആരോപണങ്ങളുന്നയിക്കുന്ന കങ്കണ റണൗട്ടുമായി അടുത്തബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് നടിയായ അങ്കിത.

അതേസമയം, നടന്‍റെ മരണത്തില്‍ ബിഹാര്‍ പൊലീസ് കേസെടുത്തതില്‍ ആശയക്കുഴപ്പം ശക്തമാകുന്നതിനിടെ മുംബൈ പൊലീസിന് പൂര്‍ണപിന്തുണയുമായി മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി രംഗത്തെത്തി. അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്നും കേസ് സിബിഐക്ക് കൈമാറേണ്ട സാഹചര്യമില്ലെന്നും അനില്‍ ദേശ്‍മുഖ് വ്യക്തമാക്കി. സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് പരാതികളൊന്നും ഇതുവരെ ആരും എഴുതിനല്‍കിയില്ലെന്നും, കുടുംബാംഗങ്ങളെ ചോദ്യം ചെയ്‍തപ്പോള്‍ നിലവിലെ ആരോപണങ്ങളൊന്നും ഉന്നയിച്ചിരുന്നില്ലെന്നും മുംബൈ പൊലീസ് അറിയിച്ചു.

പട്‌ന പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ മുംബൈയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി റിയ ചക്രവർത്തി സുപ്രീംകോടതിയെ സമീപിച്ചു. സുശാന്തിന്റെ അച്ഛന്റെ പരാതിയിലാണ് റിയാ ചക്രവര്‍ത്തി അടക്കം ആറുപേര്‍ക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിരുന്നത്.

pathram desk 2:
Related Post
Leave a Comment