ഇരിട്ടി: ആറളം പൊലീസ് സ്റ്റേഷനിൽ ജോലിയിൽ സിഐ കെ.സുധീർ മാത്രം. ആകെയുള്ള 28 സേനാംഗങ്ങളിൽ 21 പേർ 2 ഘട്ടങ്ങളിലായി ക്വാറന്റീനിൽ ആവുകയും അവശേഷിച്ചവരിൽ 5 പേർ സ്റ്റേഷനിൽ എത്തേണ്ടതില്ലാത്തതിനാലുമാണ് സിഐ മാത്രമായത്. കാന്റീനിൽ എത്തിയ ഈ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർക്ക് തിങ്കളാഴ്ച സമ്പർക്കത്തിലൂടെ കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇന്നലെ 14 പൊലീസുകാർ കൂടി ക്വാറന്റീനിൽ ആയത്. നേരത്തെ തെളിവെടുപ്പിന് കൊണ്ടുവന്ന റിമാൻഡ് പ്രതിയുമായി സമ്പർക്കമുണ്ടായതിനെ തുടർന്ന് എസ്ഐ ഉൾപ്പെടെ 7 പൊലീസുകാർ ക്വാറന്റീനിൽ പോയിരുന്നു.
ബാക്കിയുള്ളവരിൽ 4 പേർ ക്വാറന്റീൻ നിരീക്ഷണ ചുമതലയുള്ള ബൈക്ക് പട്രോൾ സംഘത്തിൽപ്പെട്ടതിനാൽ സമ്പർക്കമില്ല. ഇത്തരം ചുമതലക്കാർ സ്റ്റേഷനിൽ വരേണ്ടതില്ലെന്നതാണ് ഗുണമായത്. ഒരു പൊലീസുകാരന് ഹൈവേ ചുമതലയിൽ ആയതിനാൽ അദ്ദേഹത്തിനും സമ്പർക്കമില്ല. ഇവർ 5 പേരും സ്റ്റേഷനിൽ ഇല്ലാത്തതിൽ ആറളത്തെ അവശേഷിച്ച ഏക സേനാംഗം സിഐ കെ.സുധീർ മാത്രമായി.
കോവിഡ് പോസിറ്റീവ് ആയ സിവിൽ പൊലീസ് ഓഫിസറുമായി പ്രാഥമിക സമ്പർക്കമില്ലെങ്കിലും സിഐ സെക്കൻഡറി കോൺടാക്ട് പട്ടികയിലുണ്ട്. അതിനാൽ നാളെ വരെ ആറളം സ്റ്റേഷനിൽ ആരെയും പ്രവേശിപ്പിക്കുകയോ സിഐ പുറത്തെ ജോലിക്ക് ഇറങ്ങുകയോ ഇല്ല. കോവിഡ് പോസിറ്റീവ് ആയ സിവിൽ പൊലീസ് ഓഫിസർ സ്റ്റേഷനിൽ എത്തിയത് 16 നാണ്. അതിനാൽ നാളെ കൊണ്ട് 14 ദിവസ നിരീക്ഷണ കാലാവധി കഴിയും.
ഇതിനിടയിൽ അഗ്നിരക്ഷാ സേനാംഗവുമായി സമ്പർക്ക പട്ടികയിലുള്ള സിവിൽ പൊലീസ് ഓഫിസർ സ്റ്റേഷനിൽ എത്തി ജോലി ചെയ്യേണ്ടി വന്നതും ചർച്ചയായി. ഇതിൽ അസ്വാവവികതയില്ലെന്നാണ് സിഐ വ്യക്തമാക്കുന്നത്. 13 ന് 4 നാണ് സിവിൽ പൊലീസ് ഓഫിസറും ഭാര്യയും കാന്റീനിൽ എത്തിയത്. കോവിഡ് പോസിറ്റീവ് സമ്പർക്കത്തിന് കാരണമായതെന്ന് പറയുന്ന അഗ്നിരക്ഷാ സേനാംഗം ഇതിനു മുൻപ് 12.45 ന് മടങ്ങിയിരുന്നു.
മുൻകരുതലെന്ന നിലയിൽ 3 ദിവസം വീട്ടിൽ കഴിഞ്ഞ സിവിൽ പൊലീസ് ഓഫിസർ യാതൊരു ലക്ഷണങ്ങളുമില്ലാത്തതിനാലും പ്രഥമിക സമ്പർക്കമല്ലാത്തതിനാലും നിരീക്ഷണത്തിലിരിക്കണമെന്ന് നിർദേശങ്ങളൊന്നും ഇല്ലാത്തതിനാലും 16 ന് സ്റ്റേഷനിൽ എത്തുകയായിരുന്നെന്ന് സിഐ പറഞ്ഞു. സ്റ്റേഷനിൽ ആയിരിക്കെ അന്നു തന്നെ നിരീക്ഷണത്തിൽ കഴിയണമെന്ന് ബന്ധപ്പെട്ടവരുടെ നിർദേശം വന്നു. 17 മുതൽ ജോലിക്ക് വന്നിട്ടുമില്ല. 28 നാണ് പൊലീസുകാരനും ഭാര്യയ്ക്കും കോവിഡ് 19 പോസിറ്റീവ് ആകുന്നത്.
രോഗലക്ഷണങ്ങൾ ഒന്നും ഇല്ലാതെയാണ് പോസിറ്റീവ് ഫലം. 4 മണിക്കൂർ കഴിഞ്ഞ് എത്തിയയാൾക്ക് പോസിറ്റീവ് വന്നതും കണക്കിലെടുത്ത് വീണ്ടും പരിശോധന നടത്താനുള്ള നീക്കത്തിലാണ് ഇദ്ദേഹം. സമ്പർക്കത്തെ തുടർന്ന് ക്വാറന്റീനിൽ പോയ 14 പൊലീസുകാരുടെയും സ്രവം ഇരിട്ടി താലൂക്ക് ആശുപത്രി മുഖേന ഇന്നലെ പരിശോധനയ്ക്ക് അയച്ചു.
Leave a Comment