പഠനത്തേക്കാൾ അറിവിന് പ്രാധാന്യം; എല്‍.പി., യു.പി., ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ സമ്പ്രദായം ഇല്ലാതാകും; അടിമുടി പൊളിച്ചെഴുതി ദേശീയ വിദ്യാഭ്യാസ നയത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം

ന്യൂഡല്‍ഹി: സ്‌കൂള്‍ വിദ്യാഭ്യാസവും ഉന്നതവിദ്യാഭ്യാസവും അടിമുടി അഴിച്ചുപണിയാന്‍ ലക്ഷ്യമിട്ടുള്ള ദേശീയ വിദ്യാഭ്യാസ നയത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. സാങ്കേതികവിദ്യയിലൂന്നിയുള്ള ദേശീയ വിദ്യാഭ്യാസ നയമാണ് വരുന്നത്. 2030-ഓടെ എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്നതാണ് നയം ലക്ഷ്യമാക്കുന്നത്. മൂന്ന് വയസ്സു മുതല്‍ 18 വയസ്സ് വരെ നിര്‍ബന്ധിത വിദ്യാഭ്യാസം ഉറപ്പാക്കും.

എല്‍.പി., യു.പി., ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ സമ്പ്രദായം ഇല്ലാതാകും. പുതുതായി ഏര്‍പ്പെടുത്തുന്ന 5 + 3 + 3 + 4 സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുന്നത് 12 വര്‍ഷത്തെ സ്‌കൂള്‍ വിദ്യാഭ്യാസവും 3 വര്‍ഷത്തെ അങ്കണവാടി/പ്രീ-സ്‌കൂള്‍ വിദ്യാഭ്യാസവുമായിരിക്കും.

നിലവിലെ 10+2 ഘടന ഒഴിവാക്കി പകരം യഥാക്രം 3-8, 8-11, 11-14, 14-18 വയസ്സുള്ള കുട്ടികള്‍ക്കായി 5+3+3+4 എന്നതാണ് പുതിയ രീതി.

പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ 18 വര്‍ഷം കൊണ്ട് 12 ഗ്രേഡുകളാണുണ്ടാകുക. അടുത്ത 15 വര്‍ഷത്തിനുള്ളില്‍ അഫിലിയേറ്റഡ് കോളജ് സമ്പ്രദായം പൂര്‍ണമായും നിര്‍ത്തലാക്കും. എം.ഫില്‍ നിര്‍ത്തലാക്കുന്നതാണ് മറ്റൊരു പ്രധാന തീരുമാനം.

അണ്ടര്‍ ഗ്രാജുവേറ്റ് കോഴ്‌സുകള്‍ മൂന്നോ നാലോ വര്‍ഷമായിരിക്കും. ഈ കോഴ്‌സുകളിലെ പഠനം ഇഷ്ടാനുസരണം ഇടയ്ക്ക് വച്ച് നിര്‍ത്താനും ഇടവേളയെടുക്കാനും നയം അനുവാദം നല്‍കുന്നുണ്ട്. രണ്ട് വര്‍ഷം കഴിഞ്ഞ്‌ പഠനം നിര്‍ത്തിയാല്‍ അതുവരെ പഠിച്ചതിനുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കും. നിയമം, ആരോഗ്യം ഒഴികെയുള്ള എല്ലാ കോഴ്‌സുകളും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഒരു അതോറിറ്റിയുടെ കീഴിലായിരിക്കും. പി.ജി. പഠനം ഒന്നോ രണ്ടോ വര്‍ഷമാകാം. ബിരുദ, ബിരുദാനന്ദര കോഴ്‌സുകള്‍ അഞ്ച് വര്‍ഷം നീളുന്ന ഇന്റഗ്രേറ്റഡ് കോഴ്‌സായിരിക്കും.

വെറും പഠനത്തെക്കാള്‍ അറിവിനാണ് പ്രാധാന്യം കൊടുക്കുക. ബോര്‍ഡ് പരീക്ഷകള്‍ ഊന്നല്‍ നല്‍കുക അറിവിനായിരിക്കും. അധ്യാപകരുടെ വിലയിരുത്തല്‍ കൂടാതെ സഹവിദ്യാര്‍ഥികളുടെ വിലയിരുത്തല്‍ കൂടി ഉള്‍പ്പെടുന്നതായിരിക്കും ഇനി മുതല്‍ റിപ്പോര്‍ട്ട്‌ കാര്‍ഡ്. 34 വര്‍ഷമായി വിദ്യാഭ്യാസ നയത്തില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നുവെന്ന് നയം പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. മാനവശേഷി വകുപ്പ് ഇനിമുതല്‍ വിദ്യാഭ്യാസ വകുപ്പായി അറിയപ്പെടും.

കലയും ശാസ്ത്രവും തമ്മിലും, പാഠ്യ- പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കിടയിലും, തൊഴില്‍-പഠന മേഖലകള്‍ക്കിടയിലും വേര്‍തിരിവുകള്‍ ഉണ്ടാകില്ല. ആറാം ക്ലാസ് മുതല്‍ സ്‌കൂളുകളില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ആരംഭിക്കും; ഇന്റേണ്‍ഷിപ്പും ഉള്‍പ്പെടുത്തും. സ്‌കൂള്‍ വിദ്യാഭ്യാസത്തിനായുള്ള പുതിയതും സമഗ്രവുമായ ദേശീയ പാഠ്യപദ്ധതി, എന്‍സിഎഫ്എസ്ഇ 2020-21 എന്‍സിഇആര്‍ടി വികസിപ്പിക്കും..

അഞ്ചാം ക്ലാസ് വരെ മാതൃഭാഷയിലായിരിക്കണം(അല്ലെങ്കില്‍ പ്രാദേശിക ഭാഷ) പഠനം. എട്ടാം തരം വരെയും അതിനു മുകളിലേയ്ക്കും ഇക്കാര്യം അഭിലഷണീയമാണ്. ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം പൊതുപരീക്ഷയെ അടിസ്ഥാനമാക്കിയായിരിക്കും. അധ്യാപകര്‍ക്ക് ദേശീയ പ്രഫഷണല്‍ സ്റ്റാന്‍ഡ് കൊണ്ടുവരും. ജിഡിപിയുടെ ആറ് ശതമാനം വിദ്യാഭ്യാസ മേഖലയ്ക്കായി സര്‍ക്കാര്‍ നീക്കിവെക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു.

എട്ട് പ്രധാന പ്രാദേശിക ഭാഷകളില്‍ ഈ കോഴ്‌സുകള്‍ തുടങ്ങും. പ്രീപ്രൈമറി വിദ്യാഭ്യാസം ഏകീകരിച്ച് നിലവാരം കൂട്ടും. ചെറുപ്രായത്തില്‍ തന്നെ വിദ്യാര്‍ഥികളില്‍ ശാസ്ത്ര അവബോധം വളര്‍ത്തുന്നതിന് ഊന്നല്‍ നല്‍കും. ഒപ്പം കണക്കിനും ഊന്നല്‍ കൊടുക്കും. ആര്‍ട്‌സ,് സയന്‍സ് പാഠ്യ-പാഠ്യേതര, വൊക്കേഷണല്‍-അക്കാദമിക് എന്നിവയില്‍ കാര്യമായ വേര്‍തിരിവുണ്ടാകില്ല. പാഠ്യപദ്ധതി ലഘൂകരിക്കും. ആറാം ക്ലാസ് മുതല്‍ വൊക്കേഷണല്‍ അനുബന്ധമാക്കും. സ്‌കൂള്‍ വിദ്യാഭ്യാസം 5+3+3+4 എന്നിങ്ങനെയായിരിക്കും പാഠ്യപദ്ധതി.

റെഗുലേറ്ററി അതോറിറ്റിയായിരിക്കും ഇനി ഉന്നത വിദ്യാഭ്യാസ മേഖലയുടെ മുഴുവന്‍ ചുമതലയും. കോളജുകള്‍ക്ക് സ്വയംഭരണം നല്‍കും. ഗ്രേഡുകളുടെ അടിസ്ഥാനത്തില്‍ ഈ സ്വയംഭരണ അധികാരം നല്‍കുക. എ ഗ്രേഡ് ലഭിച്ചാല്‍ പൂര്‍ണ സ്വയംഭരണ അധികാരം ലഭിക്കും.

pathram:
Related Post
Leave a Comment