ആലിബാബയും നാല്‍പ്പത്തിയൊന്ന് കള്ളന്‍മാരും എന്ന സ്ഥിതിയിലാണ് ഇടതുമുന്നണി മന്ത്രിസഭ

തിരുവനന്തപുരം∙ സംസ്ഥാന സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുകയാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആലിബാബയും നാല്‍പ്പത്തിയൊന്ന് കള്ളന്‍മാരും എന്ന സ്ഥിതിയിലാണ് ഇടതുമുന്നണി മന്ത്രിസഭ. ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയുടെ ഓഫിസും രാജ്യദ്രോഹ കുറ്റങ്ങള്‍ക്കു നേതൃത്വം കൊടുത്തതായി കേട്ടിട്ടില്ല. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ധൂര്‍ത്തിന്റെയും കൊള്ളയുടേയും ഉറിവിടമായി സര്‍ക്കാര്‍ മാറി. കഴിഞ്ഞ നാല് വര്‍ഷക്കാലത്തെ ഭരണത്തെ വിലയിരുത്തിയാല്‍ അഴിമതി തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട ഘടകമെന്ന് കാണാം. ഒരോ ഘട്ടത്തിലും പ്രതിപക്ഷം ഉന്നയിച്ചിട്ടുള്ള അഴിമതിയാരോപണങ്ങള്‍ സര്‍ക്കാരും മുഖ്യമന്ത്രിയും പുച്ഛിച്ച് തള്ളിയെങ്കിലും പിന്നീട് സര്‍ക്കാരിന് ആ പദ്ധതികളോ പരിപാടികളോ ഉപേക്ഷിക്കേണ്ടി വന്നു എന്നതാണു ചരിത്രമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇ.പി. ജയരാജന്റെ ബന്ധുനിയമനമാണ് ഞാനാദ്യം കൊണ്ടുവന്നത്. അതേതുടര്‍ന്ന് അദ്ദേഹത്തിനു രാജിവച്ചു പുറത്ത് പോകേണ്ടി വന്നു. അതിന് ശേഷം ബ്രൂവറി ഡിസ്റ്റിലറി അഴിമതിയാണ് പുറത്തു കൊണ്ടു വന്നത്. വെളളക്കടലാസില്‍ അപേക്ഷ എഴുതി വാങ്ങി കേരളത്തില്‍ ബ്രൂവറികളും ഡിസ്റ്റിലറികളും തുടങ്ങാന്‍ മുഖ്യമന്ത്രി നല്‍കിയ അനുമതിക്കു പിന്നില്‍ കോടികളുടെ അഴിമതിയായിരുന്നു. ഇത് പുറത്ത് വന്നതോടെ അത് പിന്‍വലിച്ച് പോകേണ്ട അവസ്ഥയുണ്ടായി. അതിന് ശേഷമായിരുന്നു മാര്‍ക്ക് ദാനത്തിന്റെ കാര്യം. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടാകാത്തതായിരുന്നു മാര്‍ക്ക് ദാനം. പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ട് വന്നപ്പോള്‍ അതും പിന്‍വലിക്കേണ്ടി വന്നു.

വളരെ കുപ്രസിദ്ധിയാര്‍ജ്ജിച്ച ഒരു അഴിമതിയായിരുന്നു കെഎസ്ഇബിയുടെ ട്രാന്‍സ്ഗ്രിഡ് പദ്ധതി. ഇതില്‍ കോടികളുടെ അഴിമതിയാണ് നടന്നത്. എല്‍എന്‍ടി, സ്റ്റെര്‍ലൈറ്റ് എന്നീ കുത്തക കമ്പനികള്‍ക്കു വേണ്ടി അവരുടെ ഇഷ്ടാനുസരണം എസ്റ്റിമേറ്റ് വലുതാക്കിക്കാണിച്ച് നടത്തിയ അഴിമതിയായിരുന്നു ട്രാന്‍സ്ഗ്രിഡ് അഴിമതി. അതില്‍ പിഡബ്ള്യുസിയുടെ പങ്കും ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ പി.ടി. തോമസ് പൊലീസിലെ അഴിമതികളെല്ലാം ആരോപണമായി എഴുതി നല്‍കി ഉന്നയിച്ചു. പൊലീസ് തലപ്പത്ത് നടന്ന 151 കോടി രൂപയുടെ പര്‍ച്ചേസിലെ അഴിമതിയെപ്പറ്റി സിആന്റ്എജി റിപ്പോര്‍ട്ടിലും വ്യക്തമാവുകയും അത് പ്രതിപക്ഷം സഭയില്‍ ഉന്നയിക്കുകയും ചെയ്തു. സിഎജി റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വച്ചതാണ്. കോവിഡുമായി ബന്ധപ്പെട്ട് സഭ പിരിയേണ്ടി വന്നത് കൊണ്ടാണ് അത് സംബന്ധിച്ച ചര്‍ച്ച സഭയില്‍ നടക്കാതെ പോയത്.

ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് തന്റെ വകുപ്പ് ഭരിക്കാന്‍ കഴിവില്ലെന്നു തെളിയിച്ച സംഭവമായിരുന്നു പൊലീസ് വകുപ്പിലെ അഴിമതി. വി.ഡി. സതീശന്‍ ചെയര്‍മാനായിട്ടുള്ള പബ്ളിക്ക് അക്കൗണ്ട്സ് കമ്മിറ്റി അത് പരിശോധിക്കും. എന്നാല്‍ സര്‍ക്കാര്‍ ഒരന്വേഷണത്തിന് ഈ കാര്യത്തില്‍ തയeറായില്ല. വിഴിഞ്ഞം പദ്ധതിയില്‍ സി ആന്റ് എജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മfഷനെ നിയോഗിച്ച സര്‍ക്കാരാണിത്. ഇവിടെ 151 കോടി രൂപയുടെ പര്‍ച്ചേസിലെ അഴിമതി ചൂണ്ടിക്കാണിച്ചിട്ടും മുഖ്യമന്ത്രി അന്വേഷണത്തിനു തയാറായില്ല. അഴിമതിയെ മൂടി വയ്കാനും ഡിജിപിയെ സംരക്ഷിക്കാനുമാണ് മുഖ്യമന്ത്രി ശ്രമിച്ചത്.

ചുരുക്കത്തില്‍ വ്യാപകമായ കൊള്ളയും അഴിമതിയും സ്വജനപക്ഷപാതവുമാണ് മുഖ്യമന്ത്രി ഭരിച്ച വകുപ്പുകളിലെല്ലാം നടന്നിരിക്കുന്നത്. ഐടി വകുപ്പില്‍ നടന്ന അഴിമതികള്‍ ഒരോന്നായി പുറത്ത് വന്നു കൊണ്ടിരിക്കുന്നു. ആ വകുപ്പിലാണ് ഏറ്റവും കൂടുതല്‍ അഴിമതി നടന്നത്. സ്പ്രിംഗ്ളര്‍ ഉള്‍പ്പടെ ഐടി വകുപ്പില്‍ ഉണ്ടായിട്ടുള്ള കരാറുകള്‍, അതിന്റെയൊക്കെ ഭാഗമായി നടന്ന പിന്‍വാതില്‍നിയമനങ്ങള്‍ തുടങ്ങിയവയെല്ലാം വന്‍ അഴിമതികളാണ്.

ഐ ടി വകുപ്പിന് കീഴിലുള്ള 24 ഓളം സ്ഥാപനങ്ങളില്‍ നടന്ന പിന്‍വാതില്‍ നിയമനങ്ങളെയും കരാറുകളെയും കുറിച്ചെല്ലാം സമഗ്രമായ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യം മുഖ്യമന്ത്രി തള്ളിക്കളയുകയാണ് ചെയ്തത്. സ്പേസ് പാര്‍ക്കിലെ സ്വപ്ന സുരേഷ് ഉള്‍പ്പെടയെുള്ളവരുടെ അനധികൃത നിയമനങ്ങളും മിന്റ് എന്ന റിക്രൂട്ടിങ് ഏജന്‍സിയുടെ പേരില്‍ നടന്ന നൂറുക്കണക്കിന് പിന്‍വാതില്‍ നിയമനങ്ങളും എല്ലാം തൊഴിലിനു വേണ്ടി കാത്തിരിക്കുന്ന അഭ്യസ്ത വിദ്യരായ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പിന്‍വാതില്‍ നിയമനങ്ങള്‍ക്കായി പിഎസ്‍സി റാങ്ക് ലിസ്റ്റുകള്‍ എത്രയും പെട്ടെന്ന് ക്യാന്‍സല്‍ ചെയ്യാനാണ് സര്‍ക്കാരിനു താല്‍പര്യം. പിഎസ്‍സി റാങ്ക് ലിസ്റ്റില്‍ വന്ന ഏതെങ്കിലും ഒരു ചെറുപ്പക്കാരനോ ചെറുപ്പക്കാരിക്കോ തൊഴില്‍ കിട്ടാനുള്ള സാധ്യതകളെ അടച്ചു കൊണ്ടു പിന്‍വാതില്‍ നിയമനങ്ങളെ പ്രോല്‍സാഹിപ്പിക്കുകയാണ് സര്‍ക്കാരെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

FOLLOW US: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular