കൊച്ചി: എം ശിവശങ്കർ കൊച്ചിയിൽ കഴിയുന്നത് എൻഐഎ നിരീക്ഷണത്തിൽ. എൻഐഎ ആണ് ശിവശങ്കറിനായി ഹോട്ടൽ മുറി ബുക്ക് ചെയ്തതത്. ഉദ്യോഗസ്ഥരിൽ ചിലരും ഹോട്ടലിൽ തങ്ങുന്നുണ്ട്. പനമ്പള്ളി നഗറിലെ ഹോട്ടലിലാണ് എം ശിവശങ്കറിന് താമസം ഒരുക്കിയത്. അതേസമയം, തിരുവനന്തപുരം വിമാനത്താവള സ്വർണക്കടത്തുകേസിൽ ചോദ്യം ചെയ്യൽ ഇന്നും തുടരും. രാവിലെ പത്തിന് കൊച്ചിയിലെ ഓഫീസിൽ വീണ്ടുമെത്താനാണ് ദേശീയ അന്വേഷണ ഏജൻസി ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്നലെ പകൽ 9 മണിക്കൂർ ചോദ്യം ചെയ്തെങ്കിലും ശിവശങ്കരന് ക്ലീൻ ചിറ്റ് നൽകാറായിട്ടില്ല എന്ന നിലപാടിലാണ് എൻഐഎ.
എൻ.ഐ.എ.യുടെ ദക്ഷിണമേഖലാ മേധാവി കെ.ബി. വന്ദനയുടെ നേതൃത്വത്തിലാണ് ചോദ്യംചെയ്തത്. പല ചോദ്യങ്ങൾക്കും കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞിട്ടില്ലെന്നാണു സൂചന. നേരത്തേ തിരുവനന്തപുരത്തുവെച്ച് അഞ്ചുമണിക്കൂർ എൻ.ഐ.എ. ചോദ്യംചെയ്തിരുന്നു. തിങ്കളാഴ്ചത്തെ ചോദ്യംചെയ്യലിനുശേഷം ശിവശങ്കർ അഭിഭാഷകന്റെ വീട്ടിലെത്തിയെങ്കിലും അദ്ദേഹത്തെ കാണാതെ മടങ്ങി.
നയതന്ത്ര ബാഗേജുകൾ പിടിക്കപ്പെടുന്ന ദിവസങ്ങളിൽ പ്രതികളുമായി കൂടുതൽ ഫോൺവിളികൾ നടത്തിയതായുള്ള തെളിവുകളാണ് ചോദ്യംചെയ്യലിൽ എൻ.ഐ.എ. നിരത്തിയതെന്നാണ് അറിയുന്നത്. എന്നാൽ, സ്വപ്ന കണക്ട് ചെയ്തുതന്ന നമ്പറിൽനിന്നാണ് കസ്റ്റംസിനെ ഫോൺ വിളിച്ചതെന്നാണ് ശിവശങ്കർ മൊഴിനൽകിയത്. ഇതിനുപുറമേ സ്വർണം എത്തിയ ദിവസം മറ്റൊരു നമ്പറിൽനിന്ന് പ്രതികളുമായി സംസാരിച്ചതായും എൻ.ഐ.എ. സംഘം കണ്ടെത്തിയിരുന്നു. ഇക്കാര്യത്തെപ്പറ്റിയും തിങ്കളാഴ്ചത്തെ ചോദ്യംചെയ്യലിൽ ശിവശങ്കറിന് വ്യക്തമായ മറുപടി നൽകാൻ കഴിഞ്ഞിട്ടില്ലെന്നാണു സൂചന.
തിങ്കളാഴ്ചത്തെ ചോദ്യംചെയ്യലിൽ ശിവശങ്കറിൽനിന്നു ലഭിച്ച മൊഴികളും സ്വപ്നയടക്കമുള്ള മറ്റു പ്രതികളുടെ മൊഴികളും തമ്മിൽ വീണ്ടും ഒത്തുനോക്കി വ്യക്തതവരുത്തിയ ശേഷം ചൊവ്വാഴ്ച വീണ്ടും ചോദ്യംചെയ്യും.
follow us: PATHRAM ONLINE LATEST NEWS