കൊവിഡ് കാലത്ത് സംസ്ഥാനത്ത് ആത്മഹത്യ പ്രവണത കൂടിവരുന്ന സാഹചര്യത്തില്‍ ജീവരക്ഷ എന്ന പേരില്‍ ആത്മഹത്യ പ്രതിരോധ കാമ്പയിന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് രോഗം ഒരു മരണകാരണമാകുമ്പോള്‍ അകാരണമായ ഭയം ജനങ്ങള്‍ കാണിക്കുന്നുണ്ട്. രോഗകാരണങ്ങള്‍ക്കെതിരായ പ്രവര്‍ത്തനത്തിനാണ് നാം ഊന്നല്‍ നല്‍കേണ്ടത്. മരണപ്പെട്ട വ്യക്തിയോട് അനാദരവ് കാണിക്കുന്നത് സംസ്‌കാരമുള്ള സമൂഹത്തിനു ചേര്‍ന്ന നടപടിയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൊവിഡ് രോഗ വ്യാപനവുമായി ബന്ധപ്പെട്ട് മാനസികസാമൂഹിക പിന്തുണ നല്‍കുന്നതിനായി ഫെബ്രുവരി ആദ്യം തന്നെ സര്‍ക്കാര്‍ സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീം രൂപീകരിച്ചിരുന്നു. ഓഖി സമയത്തും പ്രളയത്തിലും നടത്തിയിട്ടുള്ള മാനസികാരോഗ്യ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ളുടെ തുടര്‍ച്ചായി ആരോഗ്യ വകുപ്പിന്റെ മാനസികാരോഗ്യ പരിപാടിയുടെ കീഴിലാണ് എല്ലാ ജില്ലകളിലും ഇത് രൂപീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സൈക്യാട്രിസ്റ്റ്കള്‍, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍മാര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെട്ട 1145 മാനസികാരോഗ്യ പ്രവര്‍ത്തകര്‍ ജില്ലാ അടിസ്ഥാനത്തില്‍ എല്ലാ ജില്ലകളിലും പ്രവര്‍ത്തിക്കുന്നത്. ഇവര്‍ ക്വാറന്റീന്‍, ഐസോലെഷനില്‍ കഴിയുന്ന എല്ലാ വ്യക്തികള്‍ക്കും സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് കോളുകള്‍ നല്‍കും. മാനസിക സമ്മര്‍ദം, ഉല്‍കണ്ഠ, വിഷാദം, ഉറക്കക്കുറവ്, എന്നിവയ്ക്ക് വിദഗ്ധ സേവനം ലഭ്യമാക്കുന്നു. സ്ടിഗ്മ, സാമൂഹിക ആവശ്യങ്ങള്‍ എന്നിവയ്ക്ക് അതാത് പഞ്ചായത്ത്, ഐസിഡിഎസ് മുഖാന്തരമാണ് സഹായം നല്‍കുന്നത്. ഇതുവരെ ക്വാറന്റീനിലോ ഐസോലെഷനിലോ കഴിഞ്ഞ 7,66,766 പേര്‍ക്ക് ഈ രീതിയില്‍ സേവനം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്‌കൂള്‍ കുട്ടികളുടെ മാനസിക സാമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കുവാനും സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട്, കൗണ്‍സിലിംഗ് കോളുകള്‍ നല്‍കുന്നുണ്ട്. 1,28,186 കുട്ടികളോട് സംസാരിക്കുകയും 16,869 കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. ഇതുവരെ എല്ലാ വിഭാഗത്തിനുമായി 17,13,795 സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട്, കൗണ്‍സിലിംഗ് കോളുകള്‍ സംസ്ഥാനമൊട്ടാകെ നല്‍കി കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി
വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു