കൊച്ചി: സ്വര്‍ണക്കടത്തുകേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍.ഐ.എ. ഇന്ന് വീണ്ടും ചോദ്യംചെയ്യും. ചോദ്യം ചെയ്യലിനായി ശിവശങ്കര്‍ കൊച്ചിയിലെ എന്‍.ഐ.എ ഓഫീസിലെത്തി.
പുലര്‍ച്ച നാലരയോടെയാണ് ശിവശങ്കര്‍ തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് പുറപ്പെട്ടത്. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിനായി എ.എന്‍.ഐയുടെ പ്രത്യേക സംഘവും കൊച്ചിയിലെത്തിയിട്ടുണ്ട്.
എന്‍.ഐ.എ. കൊച്ചി യൂണിറ്റിനൊപ്പം ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളില്‍നിന്നെത്തിയ ഉദ്യോഗസ്ഥരും അടങ്ങിയ പ്രത്യേക സംഘമാകും ശിവശങ്കറിനെ ചോദ്യംചെയ്യുക. 56 ചോദ്യങ്ങള്‍ അന്വേഷണസംഘം തയ്യാറാക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്.
എന്‍.ഐ.എ.യുടെ കൊച്ചി ഓഫീസില്‍ പ്രത്യേകം തയ്യാറാക്കിയ മുറിയിലാകും ചോദ്യംചെയ്യല്‍. ഇത് വീഡിയോയില്‍ പകര്‍ത്തും. ചില ഫോണ്‍കോളുടെയും ദൃശ്യങ്ങളുടെയും വിവരങ്ങള്‍ സഹിതമാകും ചോദ്യംചെയ്യല്‍.
കേസിലെ പ്രതികളായ സ്വപ്നയെയും സരിത്തിനെയും അറിയാമെന്നും സൗഹൃദംമാത്രമാണ് ഇവരോടുണ്ടായിരുന്നതെന്നുമാണ് ശിവശങ്കര്‍ നേരത്തേ തിരുവനന്തപുരത്തുനടന്ന ചോദ്യംചെയ്യലില്‍ എന്‍.ഐ.എ.യോട് പറഞ്ഞിരുന്നത്. ശിവശങ്കര്‍ എന്‍.ഐ.എ.യ്ക്കും കസ്റ്റംസിനും നല്‍കിയ മൊഴികളില്‍ വൈരുധ്യമുള്ളതായി സൂചനയുണ്ട്. ഇക്കാര്യത്തിലും വിശദീകരണം തേടും.
യു.എ.ഇ. കോണ്‍സുലേറ്റ് ജനറലിന്റെ ഗണ്‍മാനായിരുന്ന ജയഘോഷിനെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാനും നീക്കമുണ്ട്. സ്വപ്നയെയും സന്ദീപിനെയും സരിത്തിനെയും പല ഘട്ടങ്ങളിലും ജയഘോഷ് സഹായിച്ചിട്ടുണ്ടെന്നാണ് എന്‍.ഐ.എ. കണ്ടെത്തിയിരിക്കുന്നത്. ജയഘോഷിനെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തശേഷം പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നാണ് അറിയുന്നത്.
FOLLOW US: pathram online
Leave a Comment