ലൈറ്റ് ഓഫ് ചെയ്ത് വാഹനങ്ങള്‍ എത്തി; വന്‍ പൊലീസ് സന്നാഹം; കോട്ടയത്ത് പ്രതിഷേധനത്തിനിടെ അര്‍ധരാത്രിയില്‍ മൃതദേഹം സംസ്‌കരിച്ചത് നാടകീയമായി

കോട്ടയം ജില്ലയില്‍ കോവിഡ് പോസിറ്റീവായി മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് രാത്രി നടന്നത് നാടകീയ നീക്കങ്ങള്‍. മൃതദേഹം മുട്ടമ്പലം നഗരസഭാ ശ്മശാനത്തിൽ സംസ്കരിക്കുന്നതിനെച്ചൊല്ലി ഉച്ച കഴിഞ്ഞ് രണ്ടരയോടെ ജനകീയ പ്രതിഷേധം നീണ്ടതു നാലര മണിക്കൂറോളം. മുൻ നഗരസഭാ ജീവനക്കാരൻ ചുങ്കം സിഎംഎസ് കോളജ് ഭാഗം നടുമാലിൽ ഔസേഫ് ജോർജിന്റെ (83) സംസ്കാരമാണു പ്രതിഷേധം മൂലം ആദ്യം തടസ്സപ്പെട്ടത്. രാത്രി കനത്ത പൊലീസ് കാവലിൽ മൃതദേഹം മുട്ടമ്പലം ശ്മശാനത്തിൽ തന്നെ സംസ്കരിച്ചു. മരണശേഷം പരിശോധനയിലാണ് ഇദ്ദേഹത്തിനു കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മൂന്നിനു മെഡിക്കൽ കോളജ് മോർച്ചറിയിൽ നിന്നു മൃതദേഹം കൊണ്ടുവന്ന് സംസ്കരിക്കാനായിരുന്നുതീരുമാനം. എന്നാൽ മുട്ടമ്പലം അംബേദ്കർ കോളനിനിവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, നഗരസഭാധ്യക്ഷ ഡോ.പി.ആർ.സോന, കൗൺസിലർമാരായ ടി.എൻ.ഹരികുമാർ, എസ്.ഗോപകുമാർ, ആർഡിഒ ജോളി ജോസഫ്, തഹസിൽദാർ പി.ജി.രാജേന്ദ്രബാബു തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തിരുന്നു. രാത്രി ഏഴരയോടെ മൃതദേഹം മുട്ടമ്പലത്തു സംസ്കരിക്കില്ലെന്ന തീരുമാനത്തിൽ ചർച്ച അവസാനിപ്പിച്ചു.

രാത്രി ഒൻപതോടെ മൃതദേഹം മുട്ടമ്പലത്ത് തന്നെ അടക്കാനുള്ള നടപടികളിലേക്ക് ജില്ലാ ഭരണകൂടം കടന്നു. പ്രദേശത്തു വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫിസിലെ സംഘവും സ്ഥലത്തെത്തി. പ്രദേശം അണുനശീകരണം നടത്താൻ അഗ്നിരക്ഷാസേന വാഹനവുമെത്തിച്ചു. പത്തരയോടെ മെഡിക്കൽ കോളജിൽ നിന്നു മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം കൈമാറി. 10.45നു മൃതദേഹം കനത്ത പൊലീസ് കാവലിൽ മുട്ടമ്പലം നഗരസഭാ ശ്മശാനത്തിലേക്ക് എത്തിച്ചു.

ലൈറ്റ് ഓഫാക്കിയാണു വാഹനങ്ങൾ ശ്മശാനത്തിലേക്ക് പ്രവേശിച്ചത്. പ്രദേശ വാസികൾ പലരും ഉറങ്ങിത്തുടങ്ങിയിരുന്നു. ഇവർ എഴുന്നേറ്റ് എത്തിയപ്പോഴേക്കും പൊലീസ് സ്ഥലം ബ്ലോക്ക് ചെയ്തു. പ്രതിഷേധം ഉണ്ടായെങ്കിലും വേഗത്തിൽ അധികൃതർ നടപടിപൂർത്തിയാക്കി.

കോവിഡ് മരണം ഉണ്ടായാൽ മൃതദേഹം എങ്ങനെ സംസ്കരിക്കണമെന്നതു സംബന്ധിച്ച് കേന്ദ്ര സർക്കാർ പുറത്തിറക്കിയ കോവിഡ് പ്രോട്ടോക്കോൾ അട്ടിമറിക്കാൻ ശ്രമിച്ചതായി സിപിഎം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ. കോൺഗ്രസും ബിജെപിയും മൃതദേഹം വച്ചു രാഷ്ട്രീയം കളിക്കുകയാണെന്നും ഈ രാഷ്ട്രീയകക്ഷികൾ ശ്മശാനത്തിനു സമീപം താമസിക്കുന്ന പാവപ്പെട്ട ആളുകൾക്കിടയിൽ തെറ്റിദ്ധാരണാജനകമായ പ്രചാരണം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നത് തടഞ്ഞ സംഭവത്തില്‍ പോലീസ് കേസെടുത്തു. കോട്ടയം മുട്ടമ്പലം വൈദ്യുത ശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിക്കുന്നത് തടഞ്ഞ കൗണ്‍സിലര്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 50 പേര്‍ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്.

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് അനധികൃതമായി കൂട്ടം കൂടിയതിന് പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം, മൃതദേഹത്തോട് അനാദരവ് കാട്ടി തുടങ്ങിയ വകുപ്പുകളിലാണ് കേസെടുത്തത്. കേസിലെ ഒന്നാം പ്രതി ഈ കോട്ടയം നഗരസഭാ ലൂര്‍ദ് വാര്‍ഡിലെ ബിജെപി കൗണ്‍സിലറായ ടി.എന്‍. ഹരികുമാറാണ്.

follow us: PATHRAM ONLINE

pathram:
Leave a Comment