സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ അന്വേഷണ സംഘം നാളെ ചോദ്യം ചെയ്യും. ഡൽഹിയിൽ നിന്നും ഹൈദരാബാദിൽ നിന്നുമുള്ള പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥർ അടങ്ങുന്ന എൻഐഎ സംഘമാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുക. ഇതിനായി പ്രത്യേക സംഘം കൊച്ചിയിലെത്തി. എൻഐഎയുടെ മുതിർന്ന ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാണ് ഡൽഹിയിൽ നിന്നും ഹൈദരാ ബാദിൽ നിന്നും ഇതിനായി എത്തിയിട്ടുള്ളത്. എൻഐഎ സംഘത്തിനൊപ്പം നാളത്തെ ചോദ്യം ചെയ്യലിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ കൂടി ചേരും. എഴുതി തയാറാക്കിയ 56 ചോദ്യങ്ങളാണ് അന്വേഷണ സംഘം ചോദിക്കുക.
കസ്റ്റംസിനും എൻഐഎയ്ക്കും നൽകിയ മൊഴികളിൽ വൈരുദ്ധ്യം ഉള്ളതിനെ തുടർന്നാണ് രണ്ടു സംഘവും ശിവശങ്കറിനെ ചോദ്യം ചെയ്യാൻ വീണ്ടും തീരുമാനിച്ചത്. കൊച്ചിയിൽ പ്രത്യേകം തയാറാക്കിയ മുറിയിലാണ് നാളെത്തെ ചോദ്യം ചെയ്യൽ നടക്കുക. ചോദ്യം ചെയ്യുന്ന ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തും. ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാത്ത പക്ഷം അറസ്റ്റ് നടപടി ക്രമങ്ങളിലേക്ക് കടക്കാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.
അതേസമയം, കസ്റ്റംസിന്റെ പ്രതിപ്പട്ടികയിലേക്ക് യുഎഇ കോൺസുലേറ്റ് ജനറലിന്റെ ഗൺമാനായിരുന്ന ജയഘോഷിനെ കൂടി ഉൾപ്പെടുത്തും. സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്‌നയെയും സരിത്തിനെയും സന്ദീപിനെയും പലഘട്ടങ്ങളിലും ഇയാൾ സഹായിച്ചുവെന്ന് കണ്ടത്തിയതിനെ തുടർന്ന് ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിൽ ജയഘോഷിനെ കൊച്ചിയിൽവച്ച് ചോദ്യം ചെയ്ത് പ്രതിപട്ടികയിൽ ചേർക്കാനുമാണ് നീക്കം. ഇയാൾ നിലവിൽ സസ്‌പെൻഷനിലാണ്.
ഇതിനു പുറമേ ഗൾഫ് മേഖലയിലെ റമിസിന്റെ ബന്ധം എൻഐഎ ശേഖരിച്ചു കഴിഞ്ഞു. ഇയാൾക്ക് ഗൾഫ് മേഖലയിൽ വിപുലമായ ബന്ധം ഉണ്ടെന്നാണ് വിവരം. ഹവാല നെറ്റ് വർക്കുമായി റമിസിന് ബന്ധമുള്ളതായി എൻഐഎയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്.