തിരുച്ചിറപ്പള്ളി : പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും വിവാഹം കഴിക്കുകയും ചെയ്ത സഹോദരീ ഭര്‍ത്താവ് അറസ്റ്റില്‍. മയിലാടുതുറൈ സ്വദേശിയായ 24 വയസ്സുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 14 വയസ്സുകാരിയെ വിവാഹം ചെയ്ത് നല്‍കിയതിന് കുട്ടിയുടെ അമ്മയായ 48 വയസ്സുകാരിയെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ജൂലായ് 19-നാണ് 14 വയസ്സുകാരി മയിലാടുതുറൈ സര്‍ക്കാര്‍ ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. വിവരമറിഞ്ഞ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അന്വേഷണം നടത്തുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് പോലീസെത്തി കുട്ടിയുടെ അമ്മയെ ചോദ്യംചെയ്തു.
ഏഴാംക്ലാസില്‍ പഠിത്തം നിര്‍ത്തിയ കുട്ടി ശുചീകരണ തൊഴിലാളിയായ അമ്മയ്‌ക്കൊപ്പമായിരുന്നു താമസം. ഇതിനിടെയാണ് മൂത്ത സഹോദരിയുടെ ഭര്‍ത്താവ് ലൈംഗികമായി പീഡിപ്പിച്ചത്. പീഡിപ്പിക്കപ്പെട്ട വിവരം അമ്മ അറിഞ്ഞെങ്കിലും ഇവര്‍ പരാതിപ്പെട്ടില്ല. പകരം 14 വയസ്സുകാരിയെ മരുമകന് വിവാഹം ചെയ്തുനല്‍കി.
പീഡനവിവരം രഹസ്യമാക്കിയതിനും ശൈശവവിവാഹം നടത്തിയതിനുമാണ് അമ്മയ്‌ക്കെതിരേ കേസെടുത്തതെന്ന് പോലീസ് പറഞ്ഞു. ആശുപത്രിയില്‍ കഴിയുന്ന 14-കാരിയെയും കുഞ്ഞിനെയും സര്‍ക്കാര്‍ അഭയകേന്ദ്രത്തിലേക്ക് മാറ്റുമെന്നും പോലീസ് അറിയിച്ചു.