കൊച്ചി: ഭർത്താവ് കൈകളും കാലുകളും വെട്ടി നീക്കിയ മലേഷ്യൻ വനിത മേനക കൃഷ്ണനു (51) അമൃത ആശുപത്രിയിൽ കൈകൾ വച്ചു പിടിപ്പിച്ചു. 6 വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണു കൈകൾ ലഭിച്ചത്. 2014 ഡിസംബറിലാണ് ഭർത്താവിന്റെ അക്രമണത്തിൽ മേനകയ്ക്കു കൈകളും കാലുകളും നഷ്ടപ്പെട്ടത്. ഭർത്താവ് പിന്നീട് ജീവനൊടുക്കി. മലേഷ്യൻ സർക്കാർ കൃത്രിമ കാലുകൾ പിടിപ്പിക്കാൻ സഹായം നൽകിയെങ്കിലും കൈകളില്ലാത്തതിനാൽ ശരീരത്തിന്റെ ബാലൻസ് നഷ്ടമാകുന്ന സ്ഥിതിയായിരുന്നു.
2016ലാണു മേനകയും മകൻ അരവിന്ദും ആദ്യം കൊച്ചിയിലെത്തിയത്. ശസ്ത്രക്രിയ്ക്ക് 30 ലക്ഷം രൂപയോളം ചെലവു വരുമെന്നറിഞ്ഞതോടെ ഇവർ തിരികെ മലേഷ്യയിലേക്ക് പോയി. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ പണം സമാഹരിച്ച ശേഷം 2018ൽ തിരികെ എത്തി. ഇടപ്പളളിയിൽ വാടക വീട്ടിലായിരുന്നു താമസം.