തിരുവനന്തപുരം: മേയ് 1 മുതൽ ജൂലൈ 4 വരെയുള്ള ദൃശ്യങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് എൻഐഎ ഇന്നലെ ചീഫ് സെക്രട്ടറിക്കു കത്തു നൽകിയത്. ഇതിന്റെ ചുമതല പൊതുഭരണ വകുപ്പ് ഹൗസ്കീപ്പിങ് വിഭാഗം അഡീഷനൽ സെക്രട്ടറിക്കാണെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. തുടർന്നു ചീഫ് സെക്രട്ടറിയുടെ ഓഫിസിലെ ഒരു ജീവനക്കാരനെ അഡീഷനൽ സെക്രട്ടറി പി.ഹണിയുടെ ഓഫിസിലേക്ക് അയച്ചു.
സെക്രട്ടേറിയറ്റിലെ 83 ക്യാമറകളിൽ ചീഫ് സെക്രട്ടറിയുടെ ഓഫിസിലെ 4 ക്യാമറകൾ കുറച്ചു കാലം പ്രവർത്തിച്ചില്ലെന്നു ഹണി അറിയിച്ചു. മേയിൽ ഇടിമിന്നൽ ഉണ്ടായപ്പോൾ കേടായതാണെന്നാണ് അറിയിച്ചത്. ഇവ പിന്നീടു നന്നാക്കി. നോർത്ത് ബ്ലോക്കിലെ നാലാം നിലയിലാണു മുഖ്യമന്ത്രിയുടെ ഓഫിസ്, അഞ്ചാം നിലയിൽ ശിവശങ്കറിന്റെയും. ഇവിടത്തെ ക്യാമറ ദൃശ്യങ്ങൾ ലഭ്യമാണെന്നു ഹണി എൻഐഎ ഉദ്യോഗസ്ഥരെ അറിയിച്ചു. സ്വർണക്കടത്തു പ്രതികൾക്കു സെക്രട്ടേറിയറ്റിലെ ശക്തമായ സെക്യൂരിറ്റി സംവിധാനം മറികടന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ബ്ലോക്കിൽ എത്താൻ സംഘടനാ നേതാക്കൾ സഹായം ചെയ്തുവെന്ന ആരോപണം ഉൾപ്പെടെ എൻഐഎ അന്വേഷിക്കുന്നുണ്ട്. തെളിവെടുപ്പ് ഒരു മണിക്കൂറോളം നീണ്ടു.
സെക്രട്ടേറിയറ്റിലെ സിസിടിവിയിൽ കഴിഞ്ഞ ഒരു വർഷത്തെ ദൃശ്യങ്ങൾ ശേഖരിച്ചു വയ്ക്കാൻ സാധിക്കും. വിഎസ് സർക്കാരിന്റെ കാലത്താണ് സിസിടിവി സ്ഥാപിച്ചതെങ്കിലും അന്നു 14 ദിവസത്തെ ദൃശ്യങ്ങൾ ശേഖരിക്കാനുള്ള സംവിധാനമേ ഉണ്ടായിരുന്നുള്ളൂ. ആറു മാസത്തെ ദൃശ്യങ്ങൾ ശേഖരിച്ചു വയ്ക്കണമെന്നു സോളർ കേസ് അന്വേഷണ കമ്മിഷൻ ശുപാർശ ചെയ്തതിനെ തുടർന്നാണു കഴിഞ്ഞ സർക്കാർ ഒരു വർഷം വരെയുള്ള ദൃശ്യങ്ങൾ ശേഖരിക്കാനുള്ള സാങ്കേതിക സൗകര്യം ഒരുക്കിയത്.
ഇടിമിന്നലിൽ സിസിടിവി ക്യാമറ കേടായാലും ദൃശ്യങ്ങൾ നഷ്ടപ്പെടില്ലെന്നു സാങ്കേതിക വിദഗ്ധർ പറയുന്നു. മുൻപ് നിയമവകുപ്പിലെ കോൺഗ്രസ് അനുകൂല സംഘടനയുടെ നേതാവിനെ ഇടതുപക്ഷ സംഘടനക്കാർ കയ്യേറ്റം ചെയ്തതായി കേസ് വന്നപ്പോൾ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ ശ്രമിച്ചിരുന്നു. അന്നു ദൃശ്യം ലഭ്യമല്ലെന്നാണു ഹൗസ്കീപ്പിങ് വിഭാഗം അറിയിച്ചത്.
FOLLOW US: pathram online
Leave a Comment