കോൺസുലേറ്റിൽ ജോലിക്കു കയറി മൂന്നാം മാസം ലക്ഷങ്ങൾ തട്ടി; ശേഷം ഐടി വകുപ്പില്‍

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് യുഎഇ കോൺസുലേറ്റിൽ ജോലിക്കെത്തി മൂന്നാം മാസം സാമ്പത്തിക തട്ടിപ്പു നടത്തി. യുഎഇ ദേശീയദിനത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടികളുടെ പേരിലായിരുന്നു തട്ടിപ്പ്. ഇതു തിരിച്ചറിഞ്ഞെങ്കിലും ഉന്നതരുടെ ഇടപെടലിൽ നടപടിയുണ്ടായില്ല. സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് യുഎഇ മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്സ് ആൻഡ് ഇന്റർനാഷനൽ കോഓപ്പറേഷനു രണ്ടു പരാതികൾ ലഭിച്ചു.

2018 ഡിസംബറിൽ ലഭിച്ച രണ്ടാമത്തെ പരാതിയിന്മേൽ നടന്ന ഓഡിറ്റിങിൽ വലിയ തട്ടിപ്പുകൾ കണ്ടെത്തിയതിനെത്തുടർന്നാണു സ്വപ്ന സുരേഷ് കോൺസുലേറ്റിൽനിന്ന് പുറത്തായതെന്നാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ കണ്ടെത്തിയത്. ജോലിയിലുണ്ടായിരുന്ന കാലയളവില്‍ 40 ലക്ഷം രൂപയുടെ തട്ടിപ്പ് സ്വപ്നയും സംഘവും നടത്തിയതായാണ് ഓഡിറ്റിങ് വിഭാഗത്തിന്റെ പ്രാഥമിക അനുമാനം. കോൺസുലേറ്റിൽനിന്ന് പുറത്തായ ശേഷമാണ് ഐടി വകുപ്പിനു കീഴിലുള്ള സ്പേസ് പാർക്കിൽ ഓപ്പറേഷൻ മാനേജർ തസ്തികയിൽ സ്വപ്ന നിയമിക്കപ്പെടുന്നത്.

2016 ഒക്ടോബറിലാണു യുഎഇ കോൺസുലേറ്റ് ഓഫിസ് മണക്കാട് ആരംഭിച്ചത്. കോൺസൽ ജനറലിന്റെ സെക്രട്ടറിയായി മറ്റൊരു യുവതിയെയാണ് ആദ്യം തീരുമാനിച്ചിരുന്നത്. അഭിമുഖം നടത്തുകയും നിയമന കത്ത് അയയ്ക്കുകയും ചെയ്തശേഷമാണു സ്വപ്ന സുരേഷ് ബയോഡേറ്റ നൽകുന്നത്. ആദ്യം നിയമിച്ച യുവതിയെ ഒഴിവാക്കി സ്വപ്നയെ 2016 സെപ്റ്റംബറിൽ നിയമിച്ചു. സ്വപ്നയുടെ പശ്ചാത്തലം അന്വേഷിച്ചപ്പോൾ നല്ല അഭിപ്രായമല്ല കോൺസുലേറ്റിലെ ഉദ്യോഗസ്ഥർക്കു ലഭിച്ചത്.

എയർ ഇന്ത്യ ജീവനക്കാരനെതിരെ വ്യാജപരാതി നൽകിയതിനു കേസ് നിലനിൽക്കുന്ന കാര്യവും അവരുടെ റിപ്പോർട്ടിലുണ്ടായിരുന്നു. ഇതെല്ലാം മറികടന്നാണു സ്വപ്നയെ കോൺസുലേറ്റിൽ നിയമിച്ചത്. പിആർഒ ആയിരുന്ന സരിത്തിനെക്കുറിച്ച് നല്ല റിപ്പോർട്ടാണ് കോൺസുലേറ്റിൽ ലഭിച്ചത്. താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനു മുമ്പു നടത്തുന്ന അന്വേഷണം സ്വപ്ന സുരേഷ് ഓഫിസ് സെക്രട്ടറിയായ ശേഷം ഇല്ലാതാക്കി. തനിക്കു വേണ്ടപ്പെട്ടവരെയെല്ലാം കോൺസുലേറ്റിൽ ജോലിക്കു കയറ്റി. ഇഷ്ടമുള്ള കമ്പനികൾക്കു കരാറുകളും നൽകി.

അര്‍ഹതയുണ്ടായിട്ടും ഒഴിവാക്കപ്പെട്ട ഒരു കമ്പനിയാണു സ്വപ്നയ്ക്കെതിരെ യുഎഇ അധികൃതർക്കു പരാതി നൽകിയതെന്നാണ് അന്വേഷണ ഏജൻസികൾ പറയുന്നത്. ഇതേത്തുടർന്നു നടന്ന ഓഡിറ്റിലാണു സ്വപ്ന നടത്തിയ സാമ്പത്തിക തട്ടിപ്പുകൾ തിരിച്ചറിഞ്ഞത്. യുഎഇ കോൺസുലേറ്റിൽ എത്തുന്നവരെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി സ്വകാര്യ ഏജൻസിയിലേക്കയച്ചു ലക്ഷങ്ങൾ തട്ടിയതും അന്വേഷണത്തിൽ തെളിഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular