ന്യൂഡല്‍ഹി: നാലു വയസ്സുള്ള മകളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച് രണ്ടംഗ സംഘത്തെ ധീരമായി നേരിട്ട് അമ്മ. വീട്ടിലെത്തി യുവതിയോട് വെള്ളം ചോദിച്ച ശേഷം ശ്രദ്ധ തിരിച്ച് മകളെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണ് അമ്മയുടെ സന്ദര്‍ഭോചിതവും ധീരവുമായി ഇടപെടല്‍ ചെറുത്തത്. ചൊവ്വാഴ്ച വൈകിട്ട് കിഴക്കന്‍ ഡല്‍ഹിക്കു സമീപമാണ് നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്.
വൈകിട്ട് നാലോടെയാണ് ബൈക്കിലെത്തിയ രണ്ടു പേര്‍ വെള്ളം ചോദിച്ച് യുവതിയുടെ വീട്ടിലെത്തിയത്. യുവതിയുടെ ശ്രദ്ധ തിരിച്ച് അവിടെനിന്നിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു ഇവരുടെ ലക്ഷ്യം. അതില്‍ ഒരാള്‍ നീല ഷര്‍ട്ടും ചുവന്ന ബാക്പാക്കും ധരിച്ചിരുന്നു.
#WATCH: Mother of a 4-yr-old girl saved her daughter from kidnappers in Shakarpur area on July 21. Two persons including uncle of the child arrested. A motorcycle with fake number plate, one loaded country-made pistol, .315 bore cartridge&original number plate were seized. #Delhi pic.twitter.com/nG6R14pUnp
— ANI (@ANI) July 22, 2020
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ആദ്യം നീല ഷര്‍ട്ടു ധരിച്ച് ആളാണ് കുട്ടിയുമായി പുറത്തേക്ക് ഓടി ബൈക്കിനരികില്‍ എത്തുന്നത്. പേടിച്ചരണ്ട കുട്ടി കരയുന്നതും കേള്‍ക്കാം. കുട്ടിയെ ബൈക്കില്‍ കയറ്റി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീടിനകത്തു നിന്ന് അമ്മ ഓടിയെത്തി കുട്ടിയെ ബൈക്കില്‍ നിന്നു വലിച്ചിറക്കി. ബൈക്ക് തള്ളിമറിച്ച് പ്രതികള്‍ രക്ഷപ്പെടാതിരിക്കാന്‍ ബൈക്ക് ഒരു കൈകൊണ്ട് പിടിച്ചുവയ്ക്കുകയും ചെയ്യുന്നുണ്ട്.
ഇതിനിടെ സഹായിക്കാനായി അയല്‍വാസിയും രംഗത്തെത്തി. ഇടുങ്ങിയ റോഡില്‍ തന്റെ സ്‌കൂട്ടര്‍ കുറുകെ എടുത്തുവച്ച് ബൈക്ക് തടയാനും ശ്രമം നടത്തി. ബൈക്കില്‍ ഉണ്ടായിരുന്ന ഒരാളെ തള്ളി താഴെയിട്ട അയല്‍വാസി പിന്നാലെ ഓടിയെത്തിയ രണ്ടാമനെയും കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ രണ്ടു പേരും ഓടി രക്ഷപ്പെട്ടു.
ഓടി രക്ഷപ്പെടുന്നതിനിടെ വഴിയില്‍ ഉപേക്ഷിച്ച ബൈക്ക്, ബാഗ് എന്നിവ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പ്രതികളെ പിടികൂടി. കുട്ടിയുടെ അച്ഛന്റെ അനുജനാണ് തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. വസ്ത്രവ്യാപാരിയാണ് കുട്ടിയുടെ അച്ഛന്‍. ഇദ്ദേഹത്തിന്റെ വളര്‍ച്ചയില്‍ അസൂയതോന്നിയ സഹോദരനാണ് രണ്ടു പേരെ ഏര്‍പ്പെടുത്തി കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കുട്ടിയെ മോചിപ്പിക്കാന്‍ 35 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടാനായിരുന്നു ഉദ്ദേശ്യമെന്നും പൊലീസ് പറഞ്ഞു.