പുതിയ എംപിമാര്‍ക്ക് പ്രധാനമന്ത്രിയുടെ മൂന്ന് നിര്‍ദേശങ്ങള്‍…

ന്യൂഡല്‍ഹി: രാജ്യസഭയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി എംപിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. പൊതുപ്രവര്‍ത്തനത്തെക്കുറിച്ച് പുതിയ എംപിമാര്‍ക്കുള്ള കാഴ്ചപ്പാടും അവരുടെ അതിയായ താത്പര്യവും ആശ്ചര്യമുണ്ടാക്കുന്നതാണെന്ന് പ്രധാനമന്ത്രി പിന്നീട് ട്വീറ്റ് ചെയ്തു. പുതിയ ബിജെപി എംപിമാരെല്ലാം ആ സ്ഥാനത്തിന് അര്‍ഹരാണ്. പാര്‍ലമെന്റിന്റെ പ്രവര്‍ത്തനത്തിന് അവരെല്ലാം വിലപ്പെട്ട സംഭാവനകള്‍ നല്‍കുമെന്ന് ഉറപ്പാണെന്നും പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

മൂന്നു നിര്‍ദേശങ്ങളാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി എംപിമാര്‍ക്ക് പ്രധാനമന്ത്രി നല്‍കിയത്. 1. ജനങ്ങളുമായുള്ള ബന്ധം എപ്പോഴും നിലനിര്‍ത്തുക. 2. ആധുനിക സാങ്കേതികവിദ്യ സ്വായത്തമാക്കുക. സര്‍ക്കാരിന്റെ നയ സമീപനങ്ങളെപ്പറ്റി വ്യക്തമായ അവബോധമുണ്ടാക്കുക. മറ്റ് ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതിനൊപ്പം ഈ മൂന്ന് കാര്യങ്ങള്‍ ബിജെപി എംപിമാര്‍ ശ്രദ്ധിച്ചിരിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.

സര്‍ക്കാരിന്റെ നയസമീപനങ്ങളെപ്പറ്റി വ്യക്തമായ ധാരണ എം.പിമാര്‍ക്കുണ്ടാവണം. ഇക്കാര്യം മനസില്‍വച്ചുകൊണ്ട് പാര്‍ലമെന്റിലും ജനങ്ങള്‍ക്കിടയിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കണം. പാര്‍ലമെന്റ് നടപടികളില്‍ എംപിമാര്‍ കൃത്യമായി പങ്കെടുക്കുകയും പൊതുജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടി നിലപാട് വിശദീകരിക്കുകയും വേണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.

രാജ്യസഭയിലെ 24 സീറ്റുകളിലേക്ക് ജൂണ്‍ 19-ന് നടന്ന തിരഞ്ഞെടുപ്പില്‍ 11 സീറ്റുകള്‍ ബിജെപി വിജയിച്ചിരുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന എംപിമാര്‍ക്കായി നിരവധി വര്‍ക്ക്‌ഷോപ്പുകളാണ് ബിജെപി സംഘടിപ്പിക്കാറുള്ളത്. സാമൂഹ്യ മാധ്യമങ്ങള്‍ ഫലപ്രദമായും ഉത്തരവാദിത്വത്തോടെയും ഉപയോഗിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളും എംപിമാര്‍ക്ക് ബിജെപി നല്‍കാറുണ്ട്. ഇടനിലക്കാരില്‍നിന്നും വിവാദങ്ങളില്‍നിന്നും അകന്നു നില്‍ക്കണമെന്ന നിര്‍ദ്ദേശം പ്രധാനമന്ത്രി നരേന്ദ്രമോദി എംപിമാര്‍ക്ക് നല്‍കിയിരുന്നു. പ്രാദേശിക വികസന പണ്ട് വിനിയോഗിക്കുന്നത് സംബന്ധിച്ചും പാര്‍ലമെന്റില്‍ ഉന്നയിക്കേണ്ട ചോദ്യങ്ങള്‍ സംബന്ധിച്ചും എംപിമാര്‍ക്ക് പാര്‍ട്ടി വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular