ഇന്ത്യയില്‍ സ്ഥിതിഗതികള്‍ രൂക്ഷം; ഇളവു ലഭിച്ചിട്ടും ഭാര്യയെയും മകനെയും കാണാനും കഴിഞ്ഞില്ല, ടീമിനൊപ്പം പോകാനുമായില്ല

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാസങ്ങളായി അകന്നുകഴിയുന്ന ഭാര്യ സാനിയ മിര്‍സയെയും കുഞ്ഞിനെയും കാണാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ശുഐബ് മാലിക്കിന് നല്‍കിയ ഇളവ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നീട്ടി. ഇംഗ്ലണ്ട് പര്യടനത്തിനുള്ള പാക്കിസ്ഥാന്‍ ടീമില്‍ അംഗമായിരുന്ന മാലിക്കിന്, ഭാര്യ സാനിയയെ കാണാനുള്ള അവസരമൊരുക്കുന്നതിന് ടീമിനൊപ്പം ഇംഗ്ലണ്ടിലേക്കു പോകുന്നതില്‍നിന്ന് പിസിബി ഇളവു നല്‍കിയിരുന്നു. ഭാര്യയെയും കുഞ്ഞിനെയും കണ്ടശേഷം ജൂലൈ 24ന് ഇംഗ്ലണ്ടിലേക്കു പോകാനായിരുന്നു നിര്‍ദ്ദേശം.

എന്നാല്‍, ഇന്ത്യയില്‍ സ്ഥിതിഗതികള്‍ രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ യാത്രാനിയന്ത്രണങ്ങള്‍ അതേപടി തുടരുന്നതാണ് മാലിക്കിന്റെ യാത്ര വൈകിക്കുന്നത്. ഇതോടെ, ഓഗസ്റ്റ് പകുതിയോടെ ഇംഗ്ലണ്ടിലെത്തിയാല്‍ മതിയെന്നാണ് മാലിക്കിനുള്ള നിര്‍ദ്ദേശം. അതിനുള്ളില്‍ ഇന്ത്യയിലെത്തി ഭാര്യയെയും കുഞ്ഞിനെയും കാണാന്‍ മാലിക്കിന് അവസരം കിട്ടുമെന്നാണ് പ്രതീക്ഷ. ഇല്ലെങ്കില്‍ അപ്പോള്‍ ഉചിതമായ തീരുമാനമെടുക്കും.

ഓഗസ്റ്റിലും സെപ്റ്റംബറിലുമായി നടക്കുന്ന പരമ്പരയില്‍ മൂന്നു വീതം ടെസ്റ്റുകളും ട്വന്റി20 മത്സരങ്ങളുമാണ് പാക്കിസ്ഥാന്‍ കളിക്കുന്നത്. ഇതില്‍ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിലാണ് മാലിക്കിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഓഗസ്റ്റ് 28ന് മാഞ്ചസ്റ്ററിലാണ് ട്വന്റി20 പരമ്പര ആരംഭിക്കുക. കോവിഡ് 19നുശേഷം രാജ്യാന്തര ക്രിക്കറ്റ് പുനഃരാരംഭിച്ച ആദ്യ രാജ്യമായ ഇംഗ്ലണ്ടില്‍, നിലവില്‍ വെസ്റ്റിന്‍ഡീസ് ടീം പര്യടനം നടത്തുന്നുണ്ട്. ഇതിനുശേഷമാകും ഇംഗ്ലണ്ട് പാക്കിസ്ഥാന്‍ പരമ്പര. ഇംഗ്ലണ്ടിലെത്തിയ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ചട്ടപ്രകാരം നിലവില്‍ ക്വാറന്റീനിലാണ്.

ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് നേരത്തേതന്നെ വിരമിച്ച മാലിക്ക്, ട്വന്റി20 പരമ്പരയില്‍ മാത്രമേ കളിക്കുന്നുള്ളൂ. ഇതുകൂടി പരിഗണിച്ചാണ് താരത്തിന് ഇളവു നല്‍കിയത്. മാലിക്കിന് കുഞ്ഞിനെ കാണാന്‍ സാധിക്കാത്തതില്‍ വേദന പങ്കുവച്ച് സാനിയ മിര്‍സ രംഗത്തെത്തിയിരുന്നു. നിലവില്‍ ഹൈദരാബാദിലെ വീട്ടിലാണ് സാനിയയും കുഞ്ഞും.

pathram:
Related Post
Leave a Comment