കോവിഡ് രോഗികള്‍ക്ക് പൊതുവെ കാണിക്കുന്ന മൂന്ന് ലക്ഷണങ്ങള്‍

കോവിഡ് രോഗികള്‍ക്ക് പൊതുവെ എല്ലാവരിലും കാണിക്കുന്ന മൂന്ന് ലക്ഷണങ്ങള്‍. പനി, പേശീവേദന, ചുമ, ശ്വാസംമുട്ടല്‍, തലവേദന, മണവും രുചിയും നഷ്ടമാകല്‍, തൊണ്ട വേദന, മൂക്കടപ്പ്, ഛര്‍ദ്ദി, വയറിളക്കം.. കോവിഡ്-19 രോഗലക്ഷണങ്ങളുടെ പട്ടിക ഓരോ ദിവസവും വലുതാവുകയാണ്. എന്നാല്‍ ബഹുഭൂരിപക്ഷം കോവിഡ് രോഗികള്‍ക്കും പൊതുവായി മൂന്ന് ലക്ഷണങ്ങളാണ് കണ്ടു വരുന്നതെന്ന് അമേരിക്കയിലെ സെന്റര്‍ ഓഫ് ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി) പറയുന്നു.

സിഡിസി നടത്തിയ ഒരു സര്‍വേയില്‍ കണ്ടെത്തിയത് കോവിഡ് രോഗികളില്‍ 96 ശതമാനത്തിനും ഈ മൂന്ന് ലക്ഷണങ്ങളില്‍ ഏതെങ്കിലും നിര്‍ബന്ധമായും ഉണ്ടാകുമെന്നാണ്. സര്‍വേയില്‍ പങ്കെടുത്ത 45 ശതമാനം രോഗികള്‍ക്ക് ഈ മൂന്ന് ലക്ഷണങ്ങളും ഒരുമിച്ചും പ്രത്യക്ഷപ്പെട്ടു.

താഴെപ്പറയുന്നവയാണ് ആ മൂന്ന് ലക്ഷണങ്ങള്‍:

1. ചുമ

കോവിഡില്‍ ഏറ്റവും ഉത്കണ്ഠ ഉണ്ടാക്കുന്ന ലക്ഷണങ്ങളിലൊന്നാണ് ചുമ. കഫമില്ലാത്ത വരണ്ട ചുമയാണ് കോവിഡ് രോഗികളില്‍ പൊതുവേ കാണാറുള്ളത്. നീണ്ടു നില്‍ക്കുന്ന ചുമ സര്‍വേയില്‍ പങ്കെടുത്ത 80 ശതമാനം പേര്‍ക്കും ഉണ്ടായതായി സിഡിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

2. പനി

കോവിഡ് രോഗികളില്‍ വ്യാപകമായി കണ്ടെത്തിയ രണ്ടാമത്തെ ലക്ഷണമാണ് പനി. കോവിഡ് ബാധിച്ച് രണ്ട് മുതല്‍ 14 ദിവസത്തിനകം പനി രോഗികളില്‍ ദൃശ്യമായി. മൂന്ന് ദിവസത്തില്‍ കൂടുതല്‍ 100 ഡിഗ്രിയിലും കൂടിയ പനിയും ഒപ്പം മറ്റ് ലക്ഷണങ്ങളുമുണ്ടെങ്കില്‍ അത് ആശങ്കപ്പെടേണ്ട കാര്യമാണെന്ന് സിഡിസി ചൂണ്ടിക്കാണിക്കുന്നു.

3. ശ്വാസംമുട്ടല്‍

കോവിഡ് വൈറസ്ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്ന രോഗികളിലാണ് ശ്വാസംമുട്ടല്‍ പൊതുവേ കാണപ്പെട്ടത്. കൊറോണ വൈറസ് ശ്വാസനാളിയിലെ പ്രതിരോധ കോശങ്ങളെ ബാധിക്കുന്നതാണ് ശ്വാസംമുട്ടലിന് കാരണമാകുന്നത്. ഓക്സിജന്റെ തോത് കുറയുന്നത് കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കും. അതിനാല്‍ തന്നെ അവഗണിക്കാന്‍ സാധിക്കാത്ത രോഗലക്ഷണമാണ് ശ്വാസംമുട്ടല്‍

follow us pathramonline

Similar Articles

Comments

Advertismentspot_img

Most Popular