കൊറോണ വൈറസ് ജൈവായുധമല്ലെന്ന് തറപ്പിച്ചു പറയുന്നു… കാരണം ഇതാ

വുഹാനില്‍ നിന്ന് ലോകത്തിന്റെ പല ഭാഗത്തേക്ക് കോവിഡ്19 പരന്നതിനൊപ്പം ഗൂഢാലോചന സിദ്ധാന്തങ്ങളും പിറവി കൊണ്ടിരുന്നു. കൊറോണ വൈറസ് ചൈനയിലെ ലാബിലൊരുങ്ങിയ ഒരു ജൈവായുധമാണ് എന്നതായിരുന്നു ഏറ്റവും പ്രബലമായ ഗൂഢാലോചന സിദ്ധാന്തം.

എന്നാല്‍ വൈറസിനെ കുറിച്ച് പഠിച്ചു കൊണ്ടിരിക്കുന്ന ശാസ്ത്രജ്ഞര്‍ ഇത്തരമൊരു വൈറസ് ലാബില്‍ നിര്‍മിച്ചെടുക്കാനില്ലെന്ന് തറപ്പിച്ചു പറയുന്നു. പ്രകൃതി ദത്തമായി ജനിതക പരിവര്‍ത്തനം സംഭവിച്ച വൈറസ് വവ്വാല്‍ പോലുള്ള മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകര്‍ന്നതാകാം എന്നതാണ് ശാസ്ത്രജ്ഞരില്‍ ഭൂരിപക്ഷത്തിന്റെയും അനുമാനം.

ഇതിന്റെ തെളിവായി ശാസ്ത്രജ്ഞര്‍ നിരത്തുന്നത് വൈറസിന്റെ പരിണാമ ചരിത്രവും ജനിതക സാമഗ്രികളുമാണ്. മനുഷ്യരിലെത്തുന്ന 60 ശതമാനം പകര്‍ച്ചവ്യാധികള്‍ക്കും പുതുതായി കണ്ടെത്തിയിരിക്കുന്ന രോഗങ്ങളിലെ 75 ശതമാനത്തിനും ഉത്ഭവമായിരിക്കുന്നത് മൃഗങ്ങളാണ്. വവ്വാല്‍, എലി, വളര്‍ത്ത് മൃഗങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് മനുഷ്യരിലെത്തിയ കൊറോണവൈറസുകളില്‍ ഏഴാമത്തേത്താണ് സാര്‍സ് കോവി2. എബോള, റാബീസ്, നിപ്പാ, ഹെന്‍ഡ്ര, മാര്‍ബര്‍ഗ്, ഇന്‍ഫഌവന്‍സ എ വൈറസ് എന്നീ രോഗങ്ങളുടെയെല്ലാം പ്രഭവം വവ്വാലുകളില്‍ നിന്നായിരുന്നു.

സാര്‍സ് കോവ്2 വൈറസിന്റെ ജനിതക ഘടന സീക്വന്‍സ് ചെയ്യപ്പെടുകയും ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുള്ളതാണ്. വൈറസ് ഒരു ലാബില്‍ നിര്‍മിച്ചതാണെങ്കില്‍ ജനിതക ഡേറ്റയില്‍ കൃത്രിമത്വം നടത്തിയതിന്റെ ലക്ഷണങ്ങള്‍ ശാസ്ത്രജ്ഞര്‍ക്ക് ഇതിനോടകം കണ്ടെത്താന്‍ കഴിഞ്ഞേനെ. പുതിയ വൈറസിന് പിന്‍ബലമാകുന്ന നിലവിലുള്ള ഒരു വൈറല്‍ സീക്വന്‍സ്, അതിലേക്ക് കൃത്രിമമായി ചേര്‍ക്കുന്ന ജനിതക ഘടകങ്ങള്‍ തുടങ്ങിയവയും ഇങ്ങനെയാണെങ്കില്‍ കണ്ടെത്തേണ്ടതായിരുന്നു. എന്നാല്‍ അത്തരം തെളിവുകളൊന്നും ഇതു വരെ കണ്ടെത്തിയിട്ടില്ല.

ജനിതകപരമായി എന്‍ജിനീയര്‍ ചെയ്‌തെടുക്കുന്ന വൈറസുകള്‍ക്ക് ഒരു ജനിതക കയ്യൊപ്പ് അവശേഷിപ്പിക്കാതെ ഇരിക്കാനാവില്ലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

സാര്‍സ് കോവ്2 ന്റെ ജനിതക ഘടനയാവട്ടെ വവ്വാലില്‍ നിന്നുള്ള മറ്റ് കൊറോണ വൈറസുകളുമായി സാമ്യമുള്ളതാണ്. ഇതൊരു ജന്തുജന്യ വൈറസാണെന്ന അനുമാനത്തിന് ഈ സാമ്യം പിന്തുണയേകുന്നു. വവ്വാലുകളുടെ പ്രതിരോധ സംവിധാനത്തെ ജയിക്കാന്‍ കൊറോണ വൈറസുകളും കൊറോണ വൈറസിനെ ജയിക്കാന്‍ വവ്വാലുകളും നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഈ നിരന്തര യുദ്ധത്തില്‍ നിന്ന് ജനിതക പരിവര്‍ത്തനത്തിലൂടെ പിറവിയെടുക്കുന്നതാവാം സാര്‍സ് കോവ്2 പോലുള്ള വൈറസുകളെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു.

മറ്റൊരു വവ്വാല്‍ വൈറസായ ഞമഠഏ13 യില്‍ നിന്ന് വന്നതാണ് സാര്‍സ് കോവ്2 വൈറസെന്നും ചില ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. ഇവയുടെ ജനിതകഘടനകള്‍ തമ്മില്‍ 96 ശതമാനത്തിന്റെ സാമ്യമുണ്ട്. സാര്‍സ് കോവ്2 വൈറസിന്റെ പൂര്‍വിക വൈറസുകള്‍ വവ്വാലുകള്‍ക്കിടയില്‍ കുറച്ച് നാളായി പടരുന്നുണ്ട് എന്നും സംശയിക്കപ്പെടുന്നു. ഇവയ്ക്ക് ജനിതക പരിവര്‍ത്തനം സംഭവിക്കുകയും അവ മറ്റ് മൃഗങ്ങളിലേക്കും ഒടുവില്‍ മനുഷ്യനിലേക്കും പടര്‍ന്നതാകാമെന്നും കരുതുന്നു. സംഗതി എന്തായാലും ലാബില്‍ വികസിപ്പിച്ചതാണ് കോവിഡ്19 വൈറസെന്ന പ്രചാരണങ്ങള്‍ വ്യാജമാണെന്നാണ് തെളിയുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7