കൊച്ചി: സമൂഹമാധ്യമങ്ങള്‍ വഴി ചികിത്സാ സഹായ അഭ്യര്‍ഥന നടത്തിയതിനു പിന്നാലെ ഒരു കോടി രൂപയിലേറെ യുവതിയുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിയ സംഭവത്തില്‍ നിയമവിരുദ്ധ പണം ഇടപാടു സംഘമെന്നു സംശയിക്കുന്നതായി ഡിസിപി ജി.പൂങ്കുഴലി ഐപിഎസ്. സംഭവത്തിനു ഹവാല, കുഴല്‍പ്പണ ബന്ധമുണ്ടോ എന്ന് പൊലീസ് പരിശോധിക്കും.
ഇത്ര വലിയ തുക കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിയത് അസ്വാഭാവികമായാണ് കാണുന്നത്. ഇക്കാര്യത്തില്‍ വിശദമായ പരിശോധനയ്ക്കു നിര്‍ദേശിച്ചതായും ഡിസിപി പറഞ്ഞു. ചികിത്സാ ആവശ്യത്തിനുള്ളതു കിഴിച്ചുള്ള തുക യുവതിയില്‍ നിന്നു തിരികെ ലഭിക്കുമെന്ന വിശ്വാസത്തില്‍ സുരക്ഷിത മാര്‍ഗം എന്ന നിലയില്‍ കുഴല്‍പ്പണം വര്‍ഷയുടെ അക്കൗണ്ടിലേക്കയച്ചതാണോ എന്നതാണു പൊലീസ് അന്വേഷിക്കുന്നത്.
കണ്ണൂര്‍ സ്വദേശിനിയായ വര്‍ഷ എന്ന യുവതിയാണ് അമ്മയുടെ കരള്‍ മാറ്റിവയ്ക്കുന്നതിനായി സമൂഹമാധ്യമങ്ങളിലൂടെ അഭ്യര്‍ഥന നടത്തിയത്. ഇതിന് സഹായിച്ച സാജന്‍ കേച്ചേരി എന്നയാള്‍ പണം തനിക്കു കൂടി കൈകാര്യം ചെയ്യാന്‍ സാധിക്കും വിധം അക്കൗണ്ട് മാറ്റണം എന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതായാണ് പൊലീസിനു പരാതി നല്‍കിയത്.
സമൂഹമാധ്യമങ്ങളിലൂടെ ഇദ്ദേഹവും സഹായികളും ഭീഷണിപ്പെടുത്തുകയും വ്യാജ പ്രചരണങ്ങള്‍ നടത്തുന്നതിന്റെയും വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ നിര്‍ദേശിച്ചതനുസരിച്ചായിരുന്നു വര്‍ഷ ഡിസിപിക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് എറണാകുളം ചേരാനല്ലൂര്‍ സ്‌റ്റേഷന്റെ ചുമതലയുള്ള സബ് ഇന്‍സ്‌പെക്ടര്‍ ലിജോ ജോസഫ് യുവതിയുടെ താമസ സ്ഥലത്തെത്തി പരാതി സ്വീകരിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ചികിത്സയ്ക്കായി 30 ലക്ഷത്തില്‍ താഴെയുള്ള തുകയ്ക്കാണ് യുവതി അഭ്യര്‍ഥന നടത്തിയത്. എന്നാല്‍ ആദ്യ ദിവസം 65 ലക്ഷം രൂപയിലേറെ അക്കൗണ്ടില്‍ എത്തിയതോടെ ഇനി ആരും പണം അയയ്‌ക്കേണ്ട എന്ന് അറിയിച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം കൂടുതല്‍ തുക അക്കൗണ്ടില്‍ എത്തുകയായിരുന്നു.
പെണ്‍കുട്ടിയുടെ അക്കൗണ്ടിലേയ്ക്ക് 60 ലക്ഷം രൂപ വിദേശത്തുള്ള ഒരു ചാരിറ്റി സംഘടന ഒറ്റത്തവണയായി നിക്ഷേപിച്ചതായി പെണ്‍കുട്ടിയെ സഹായിച്ച യുവാവ് പറയുന്നു. ഇതില്‍ അസ്വഭാവികത ഉള്ളതായാണ് പൊലീസ് വിലയിരുത്തല്‍. അക്കൗണ്ടിലേയ്ക്ക് അഞ്ചു ലക്ഷവും മറ്റും ഇട്ടവരുമുണ്ടെന്നു യുവതിയും പറയുന്നു. സര്‍ജറിക്കു കയറുന്നതിനു മുന്‍പാണ് താന്‍ അക്കൗണ്ട് പരിശോധിച്ചത്. അതിനു ശേഷം ആരെങ്കിലും വലിയ തുക നിക്ഷേപിച്ചോ എന്നതിനെക്കുറിച്ച് അറിയില്ലെന്നും ഇവര്‍ പറയുന്നു.
ചാരിറ്റി പ്രവര്‍ത്തനത്തിന്റെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ മുന്‍കൂട്ടി അക്കൗണ്ട് ഉടമകളുമായി കരാറിലേര്‍പ്പെടുന്നതായാണു വിവരം. ഇതിന് ഒപ്പിട്ട ബ്ലാങ്ക് ചെക്കും പ്രോമിസറി നോട്ടുംവരെ തയാറാക്കും. ഇതിനുശേഷമാണ് വാട്‌സാപ്പിലൂടെയും മറ്റ് സമൂഹമാധ്യമങ്ങളിലൂടെയും സഹായ അഭ്യര്‍ഥന.
അക്കൗണ്ട് ഉടമകള്‍ ആശുപത്രി തിരക്കുകളില്‍ ആകുന്ന സമയം ചികിത്സയ്ക്കാവശ്യമുള്ള പണം നല്‍കി ബാക്കിയുള്ളവ സ്വന്തം അക്കൗണ്ടിലേയ്ക്ക് മാറ്റുകയും ചെയ്യും. രോഗി മരിക്കുന്ന സാഹചര്യമുണ്ടായാല്‍ ആശുപത്രി ബില്‍ കിഴിച്ചുള്ള തുക ഇവര്‍ സ്വന്തം അക്കൗണ്ടിലേയ്ക്ക് മാറ്റും. സാധാരണക്കാരായ ആളുകള്‍ ആവശ്യം കഴിഞ്ഞാല്‍ ബാക്കിയുള്ള തുക എതിര്‍പ്പ് അറിയിക്കാതെ തട്ടിപ്പു സംഘങ്ങള്‍ക്കു കൈമാറുകയും ചെയ്യും. വര്‍ഷയുടെ കാര്യത്തില്‍ അതിനു സാധിക്കാത പോയതാണ് ഇപ്പോഴുള്ള തര്‍ക്കങ്ങളിലേയ്ക്കും ഭീഷണികളിലേയ്ക്കും കാര്യങ്ങള്‍ എത്തിച്ചത്.
അക്കൗണ്ടില്‍ അധികം വന്ന തുക മറ്റുള്ള രോഗികളെ സഹായിക്കാനാണ് ചെലവഴിക്കുക എന്ന് ഇവര്‍ അവകാശപ്പെടുമെങ്കിലും ഇത് എന്താണു ചെയ്യുന്നത് എന്നതിനെക്കുറിച്ച് വ്യക്തതയില്ല. സമൂഹമാധ്യമങ്ങള്‍ വഴി ചാരിറ്റി തട്ടിപ്പ് നടക്കുന്നതായി നേരത്തേയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും കാര്യമായ അന്വേഷണം ഉണ്ടായിരുന്നില്ല. ചാരിറ്റിയുടെ മറവിലുള്ള സാമ്പത്തിക തട്ടിപ്പുകള്‍ പുറത്തു വരുന്നതോടെ സ്വമനസാല്‍ പണം നല്‍കാന്‍ തയാറാകുന്നവരെ പിന്തിരിപ്പിക്കുന്നതിനും സത്യസന്ധമായി സാമൂഹിക സേവനം നടത്തുന്നവരുടെ ആത്മാര്‍ഥ ചോദ്യം ചെയ്യപ്പെടാനും ഇടയാക്കുമെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
Follow us on pathram online