കേസ് അന്വേഷണവുമായി സഹകരിക്കാതെ ദുബായിലുള്ള ഫൈസൽ ഫരീദ്;

സ്വർണക്കടത്ത് കേസ് അന്വേഷണവുമായി സഹകരിക്കാതെ മൂന്നാംപ്രതി ദുബായിലുള്ള ഫൈസൽ ഫരീദ്. എൻഐഎ അറസ്റ്റ് വാറന്റിന് തിങ്കളാഴ്ച അനുമതി തേടിയത് മുതൽ ഫൈസൽ അന്വേഷണ സംഘത്തിന്റേതടക്കമുള്ള ഫോൺകോളുകൾ ഒഴിവാക്കുകയാണ്. അതേസമയം, പ്രതിയെ ഉടൻ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങളാണു പുരോഗമിക്കുന്നത്.

ഞായറാഴ്ച രാത്രി വരെ മാധ്യമങ്ങൾക്കു മുന്നിൽ നേരിട്ടെത്തി നിരപരാധിയാണെന്ന് ആവർത്തിച്ച ഫൈസൽ ഫരീദ് തിങ്കളാഴ്ച മുതൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയോ, വിളിച്ചാൽ എടുക്കാതിരിക്കുകയോ ആണ്. അന്വേഷണ സംഘം നേരിട്ടും സുഹൃത്തുക്കൾ വഴിയും ബന്ധപ്പെടാൻ ശ്രമിക്കുന്നെങ്കിലും ഒഴിഞ്ഞുമാറുന്നതായാണു വിവരം. സുഹൃത്തിനെ ഫോണിൽ വിളിച്ചാണു ഞായറാഴ്ച കസ്റ്റംസ് മൊഴി രേഖപ്പെടുത്തിയത്. ഇപ്പോൾ അതേ സുഹൃത്തുക്കളിൽ നിന്ന് ഫൈസൽ മാറിനിൽക്കുന്നുവെന്നാണു വിവരം.

ഫൈസൽ കൂടെയില്ലെന്ന വിവരമാണ് അന്വേഷണസംഘത്തോടു സുഹൃത്തുക്കളും അറിയിക്കുന്നത്. റാഷിദിയയിലെ വില്ലയിലും തിങ്കളാഴ്ച മുതൽ ഫൈസൽ എത്തിയിട്ടില്ല. അതേസമയം, യുഎഇയുടെ ലോഗോ, സീൽ എന്നിവ വ്യാജമായി നിർമിച്ചുവെന്ന് എൻഐഎ കോടതിയെ അറിയിച്ച സാഹചര്യത്തിൽ ദുബായ് പൊലീസ് ഫൈസലിനെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതിനാൽ ഫൈസലിനെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് സാധ്യതകളാണ് നിയമവിദഗ്ധർ പറയുന്നത്.

ഒന്ന് അന്വേഷണ സംഘം ദുബായിൽ നേരിട്ടെത്തുകയും ദുബായ് പൊലീസ് ഫൈസലിനെ കസ്റ്റഡിയിലെടുത്തു കൈമാറുകയും ചെയ്യുക. രണ്ട്. ഫൈസലിനെ നാട്ടിലേക്കു വരാൻ ആവശ്യപ്പെടുകയോ ദുബായ് പൊലീസിന്റെ സഹായത്തോടെ വിമാനത്തിൽ നാട്ടിലേക്കു അയക്കുകയോ ചെയ്യുക. ഇരുരാജ്യങ്ങളും തമ്മിൽ കുറ്റവാളികളെ കൈമാറുന്നതിനു കരാറുള്ളതിനാൽ കൈമാറ്റത്തിനു തടസങ്ങളില്ലെന്നാണു കരുതുന്നത്.

FOLLOW US: pathram online

pathram:
Leave a Comment