സന്ദീപിന്റെ ബാഗ് എന്‍ഐഎ സംഘം ഇന്ന് തുറന്നു പരിശോധിക്കും

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സന്ദീപിന്റെ ബാഗ് എന്‍ഐഎ സംഘം ഇന്ന് തുറന്നു പരിശോധിക്കും. നിര്‍ണായക തെളിവുകള്‍ അടങ്ങിയ ബാഗ് കോടതിയുടെ സാന്നിധ്യത്തിലാണു തുറക്കുന്നത്.

സീല്‍ ചെയ്ത ഈ ബാഗില്‍ കേസിനു വഴിത്തിരിവാകുന്ന തെളിവുകള്‍ ഉണ്ടെന്നാണ് കണക്കുകൂട്ടുന്നത്. സന്ദീപ് നായര്‍ സ്വര്‍ണം അയച്ച ആളുകളുടെ പേര് വിവരങ്ങള്‍, നയതന്ത്രചാനല്‍ വഴി സ്വര്‍ണം കടത്തിയപ്പോള്‍ ഇടപെട്ട ഉന്നതരുടെ വിവരങ്ങള്‍ തുടങ്ങി നിറവധി വിലപ്പെട്ട വിവരങ്ങള്‍. കൊച്ചിയിലെ എന്‍ഐഎ കോടതിയുടെ സാന്നിധ്യത്തിലാണ് അന്വേഷണ സംഘം ബാഗ് തുറക്കുന്നത്. കസ്റ്റംസ് റജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാം പ്രതി സരിത്തിന്റെ 7 ദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.

സരിത്തിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് കെ.ടി. റമീസ് മുതല്‍ ജലാല്‍ വരെ പിടിയിലായത്. ഉച്ചയോടെ കോടതിയില്‍ ഹാജരാക്കുന്ന സരിത്തിന്റെ കസ്റ്റഡി കാലാവധി നീട്ടാന്‍ കസ്റ്റംസ് കോടതിയില്‍ അപേക്ഷിച്ചേക്കില്ല. സരിത്തിനെ കസ്റ്റംസ് വിടുന്ന മുറയ്ക്ക് എന്‍ഐഎ അറസ്റ്റ് ചെയ്യും. ഇന്നലെ കസ്റ്റഡിയില്‍ എടുത്ത ജലാല്‍, മുഹമ്മദ് ഷാഫി, ഹംജദ് അലി എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

follow us: PATHRAM ONLINE

pathram:
Leave a Comment