കരിപ്പൂര്: കോഴിക്കോട് വിമാനത്താവളവുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തും കാര്‍ഗോ കോംപ്ലക്‌സില്‍നിന്നു വസ്തുക്കള്‍ വിട്ടുകിട്ടാനുള്ള ഇടനിലക്കാരുടെ ഇടപെടലും എന്‍ഐഎയുടെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുമെന്നു സൂചന. കസ്റ്റംസ് വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരില്‍നിന്ന് അന്വേഷണ സംഘം ചില നിര്‍ണായക വിവരങ്ങള്‍ ശേഖരിച്ചതായാണു വിവരം. എയര്‍ കസ്റ്റംസ്, ഡിആര്‍ഐ, പ്രിവന്റീവ് കസ്റ്റംസ്, കാര്‍ഗോ കസ്റ്റംസ് എന്നിവര്‍ പിടികൂടിയ ചില സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ടാണ് അന്വേഷണം.
കഴിഞ്ഞ ദിവസം അറസ്റ്റിലായ പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശി കെ.ടി.റമീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തു കേസുകളുടെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ ശേഖരിച്ചു. കോഴിക്കോട് വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്‌സ് വഴി അയയ്ക്കുന്ന ബാഗേജ് കൈപ്പറ്റാന്‍ എത്തി പിടിയിലായവരുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള കെഎസ്‌ഐഇക്കാണ് കാര്‍ഗോ കോംപ്ലക്‌സിന്റെ ചുമതല.
കാര്‍ഗോ കോംപ്ലക്‌സ് വഴി എത്തിയ ബാഗേജില്‍നിന്ന് അടുത്തിടെ സ്വര്‍ണം ലഭിച്ചതിനെത്തുടര്‍ന്നു ബാഗേജുകളിലെ പരിശോധന ശക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ അവകാശികളോടു നേരിട്ട് ഹാജരായി ബാഗേജ് കൈപ്പറ്റാന്‍ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍, ചിലര്‍ ഇതുവരെ ബാഗേജ് കൈപ്പറ്റാന്‍ നേരിട്ട് എത്തിയിട്ടില്ലെന്നു ബന്ധപ്പെട്ടവര്‍ പറഞ്ഞു. എയര്‍ ഹോസ്റ്റസ്, വിമാനക്കമ്പനി ഉദ്യോഗസ്ഥന്‍, താല്‍ക്കാലിക ജീവനക്കാര്‍ തുടങ്ങി പലരും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട് വിമാനത്താവളത്തില്‍ നേരത്തേ പിടിയിലായിട്ടുണ്ട്.
follow us pathramonline