ന്യൂഡല്‍ഹി : കേരളത്തിലെ ഡിപ്ലോമാറ്റിക് ബാഗേജ് സ്വര്‍ണക്കടത്തു കേസിന്റെ അന്വേഷണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) പങ്കുചേരും. കേസില്‍ വിദേശനാണയ വിനിമയ നിയന്ത്രണച്ചട്ടം (ഫെമ) ലംഘിച്ചിട്ടുണ്ട് എന്ന സംശയത്തിലാണിത്. നിലവില്‍ കസ്റ്റംസും ദേശീയ അന്വേഷണ ഏജന്‍സിയുമാണ് അന്വേഷണ രംഗത്തുള്ളത്. എന്നാല്‍ അന്വേഷണത്തിന്റെ ഏതു ഘട്ടത്തിലും മറ്റ് ഏജന്‍സികളെക്കൂടി കൊണ്ടുവരാന്‍ തയാറാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരത്തെ സ്വര്‍ണക്കടത്തു മാത്രമല്ല, കേരളത്തില്‍ പലയിടത്തായി നടക്കുകയും അന്വേഷണം എങ്ങുമെത്താതെ നില്‍ക്കുകയും ചെയ്യുന്ന എല്ലാ കേസുകളും എന്‍ഐഎ അന്വേഷിക്കും. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ പണം ലഭ്യമാകുന്നുണ്ടോ എന്നതും അന്വേഷണത്തിന്റെ മുഖ്യപരിധിയില്‍ വരുന്ന വിഷയമാണ്. തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളിലെ അറസ്റ്റ് ആയതിനാല്‍ മറ്റു വിപുലമായ അധികാരങ്ങളും എന്‍ഐഎക്കുണ്ട്.
ക്രിമിനല്‍ പ്രൊസീജിയര്‍ കോഡ് പ്രകാരം കോടതിയില്‍ നിന്നുള്ള അനുമതി ലഭിച്ച ശേഷമേ പ്രതികളുടെ സ്ഥലങ്ങളില്‍ അന്വേഷണം നടത്താനോ വസ്തുവകകള്‍ കണ്ടുകെട്ടാനോ കഴിയുള്ളൂ. എന്നാല്‍ യുഎപിഎ പ്രകാരം ഇതൊന്നും ആവശ്യമില്ല. പ്രതികളുടെ സ്ഥലങ്ങള്‍ പരിശോധിക്കാനും ബാങ്ക് അക്കൗണ്ടുകളടക്കം എന്തും കണ്ടുകെട്ടാനും എന്‍ഐഎ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ട്. ഡിവൈഎസ്പി റാങ്കിനും അതിനു മുകളിലുമുള്ള ഓഫിസര്‍മാര്‍ തന്നെ അന്വേഷിക്കണം എന്നേയുള്ളൂ.
പ്രതികളുടെ വസ്തുവകകള്‍ കണ്ടുകെട്ടാന്‍ അതതു സംസ്ഥാനത്തെ ഡിജിപിയുടെ അനുമതി വേണമെന്നായിരുന്നു ആദ്യത്തെ യുഎപിഎ നിയമത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ സ്വര്‍ണവുമായി ബന്ധപ്പെട്ട കേസുകളില്‍ പലപ്പോഴും ഡീമാറ്റ് വഴിയും ഡിജിറ്റല്‍ വഴിയും ഗോള്‍ഡ് ബോണ്ടുകള്‍ നിമിഷനേരം കൊണ്ടു മാറ്റാന്‍ കഴിയുമെന്നതിനാല്‍ ഇവ കണ്ടുകെട്ടാന്‍ സംസ്ഥാന ഡിജിപിയുടെ അനുമതി വേണമെന്നില്ല. പകരം എന്‍ഐഎ ഡയറക്ടര്‍ ജനറലിനു തന്നെ അനുമതി നല്‍കാം