എം.സി. ദത്തന് ഉപഹാരം നല്‍കാന്‍ സ്വപ്ന സുരേഷ്..!!! ഇതില്‍പരം ഒരു അപമാനമുണ്ടോ..? യോഗ്യത സ്വപ്രയത്‌നം ആണെങ്കില്‍ പിന്നെ ഒന്നും പറയാനില്ല; സര്‍ക്കാര്‍ ജനങ്ങള്‍ക്കു നാണക്കേടാണ്; ആഞ്ഞടിച്ച് ജോയ് മാത്യു

സ്വര്‍ണക്കെടുത്ത് കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന സംഭവങ്ങളില്‍ സര്‍ക്കാരിനെ ആഞ്ഞടിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവും ഐഎസ്ആര്‍ഒയില്‍ ഉന്നത സ്ഥാനമലങ്കരിച്ച ശാസ്ത്രജ്ഞനുമായ എം.സി. ദത്തന് ഉപഹാരം നല്‍കാന്‍ സ്വപ്‌ന സുരേഷ് നിയോഗിക്കപ്പെട്ടത് അപമാനമാണെന്ന് ലേഖനത്തില്‍ അദ്ദേഹം പറയുന്നു. ജോയ് മാത്യുവിന്റെ ലേഖനത്തിന്റെ പൂര്‍ണ രൂപം വായിക്കാം.

തല താഴ്ന്നുപോയി. നമ്മുടെ ഐഎസ്ആര്‍ഒ വികസിത രാഷ്ട്രങ്ങള്‍ക്കുപോലും അസൂയ ജനിപ്പിക്കുംവിധം മികവു തെളിയിച്ചൊരു ബഹിരാകാശ ഗവേഷണ സ്ഥാപനമാണ്. കേരള സര്‍ക്കാര്‍ കോവളത്തൊരു രാജ്യാന്തര ബഹിരാകാശ കോണ്‍ക്ലേവ് സംഘടിപ്പിച്ചപ്പോള്‍, അതില്‍ പങ്കെടുത്ത മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവും ഐഎസ്ആര്‍ഒയില്‍ ഉന്നത സ്ഥാനമലങ്കരിച്ച ശാസ്ത്രജ്ഞനുമായ എം.സി. ദത്തന് ഉപഹാരം നല്‍കാന്‍ നിയോഗിക്കപ്പെട്ടത് സ്വപ്ന സുരേഷ് ആയിരുന്നു. ഒരു ശാസ്ത്രജ്ഞനെ ഇതില്‍പരം അപമാനിക്കാനുണ്ടോ?

ആ വ്യക്തി പത്താം ക്ലാസ് പാസായോ ഇല്ലയോ എന്ന തര്‍ക്കം ഈ വിഷയത്തില്‍ വിട്ടുകളയാം. പക്ഷേ, അവരുടെ മറ്റെല്ലാ യോഗ്യതകളുംകൊണ്ട് സര്‍ക്കാര്‍ നമുക്കഭിമാനമായ ആ ശാസ്ത്രജ്ഞനെ അപമാനിച്ചുകളഞ്ഞു. അത്തരം യോഗ്യതകള്‍കൊണ്ട് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന ഒരു കേസില്‍ മുഖ്യ കഥാപാത്രമായിക്കഴിഞ്ഞിരുന്നല്ലോ അവര്‍. യോഗ്യതയെക്കാള്‍ അയോഗ്യതയും അപയോഗ്യതയും അലങ്കാരമായി കാണുന്ന ഒരു സര്‍ക്കാര്‍ ജനങ്ങള്‍ക്കു നാണക്കേടാണ്.

വിദ്യാഭ്യാസയോഗ്യതയല്ല ഒരാളെ വിലയിരുത്താനുള്ള ശരിയായ മാനദണ്ഡം എന്നതു ശരി. പരിഷ്‌കൃത വിദ്യാഭ്യാസം ലഭിക്കാന്‍ അവസരമില്ലാതെപോയ എത്രയോ കര്‍ഷകര്‍, തൊഴിലാളികള്‍, വ്യാപാരികള്‍, കലാകാരന്മാര്‍, രാഷ്ട്രീയ – സാമൂഹിക പ്രവര്‍ത്തകര്‍ ഒക്കെ നമുക്കു ചുറ്റിലുമുണ്ട്, മികവിന്റെ തൂവലുള്ളവര്‍. എന്നാല്‍, അനധികൃത വഴിയിലൂടെ മികച്ച ജോലികള്‍ സ്വായത്തമാക്കാനും വ്യാജ കേസുകളിലൂടെ നിരപരാധികളെ കുടുക്കാനുള്ള വൈദഗ്ധ്യം കൈമുതലാക്കിയ മുതലുകളെ എഴുന്നള്ളിച്ചുകൊണ്ടു നടക്കുന്ന ഒരു ജനകീയ ഗവണ്‍മെന്റ് നൂറുശതമാനം സാക്ഷരത നേടിയ ജനതയെ എന്തായിട്ടാണു കണക്കാക്കുന്നത്?

പഠിപ്പിന്റെയും അറിവിന്റെയും സ്വപ്രയത്‌നത്തിന്റെയും പ്രതിരൂപങ്ങളായി ഒട്ടേറെ ആളുകളുള്ള ഒരു നാട്ടില്‍, പുരോഗമന സ്വഭാവം ഉണ്ടെന്നു നടിക്കുന്ന ഒരു ഗവണ്‍മെന്റ് ഇത്തരം ആളുകളെ ഒപ്പം കൊണ്ടുനടക്കുന്നതിന്റെ സാംഗത്യം മനസ്സിലാകുന്നില്ല. അതോ ഇനി ഇതായിരിക്കുമോ പുരോഗമനപരവും വിപ്ലവാത്മകവുമായ ശൈലി?

ഒടുവില്‍ പറഞ്ഞ യോഗ്യത – അതായത് സ്വപ്രയത്‌നം ആണു മാനദണ്ഡമെങ്കില്‍ ഒന്നും പറയാനില്ല. കാരണം, സ്വപ്ന സുരേഷ് സ്വപ്രയത്‌നംകൊണ്ട് ആര്‍ജിച്ചെടുത്തതാണ് പദവികള്‍ എന്നാണല്ലോ എല്ലാവരും പറയുന്നത്.

കേരളത്തില്‍ ചെറുപ്പക്കാര്‍ എംടെക്കും എംബിഎയും കഴിഞ്ഞു വാടകവണ്ടികളോടിച്ചും ഹോട്ടലുകളില്‍നിന്നു ഭക്ഷണമെത്തിച്ചും അന്യരാജ്യത്തു ചുമടെടുക്കാനെങ്കിലും കഴിഞ്ഞാലെന്നുവരെ ആശിച്ചു നാടുവിടുകയും ചെയ്യുന്ന ഇക്കാലത്ത് ഇത്തരക്കാര്‍ അധികാര സ്ഥാനത്തുള്ളവരുടെ ചുമലില്‍ കയറിയിരിക്കുന്നതിന്റെ ഗുട്ടന്‍സ് എന്താകും? പിഎസ്‌സി പരീക്ഷയെഴുതി (അതിന്റെ കഥ പറയണ്ടാ) നേരാംവഴിക്കൊരു ജോലി കിനാവു കാണുന്നവരെ കൊഞ്ഞനം കുത്തിക്കൊണ്ട് ഇവരൊക്കെ നിരയായി ഉന്നതശമ്പള പദവികളില്‍ എത്തിപ്പെടുന്നത് എങ്ങനെയാണ്? അതോ ഇതാണോ വൈരുധ്യാത്മക ഭൗതികവാദം?

സര്‍ക്കാരിനു നേരിട്ടു നിയമനം നടത്താവുന്ന പലയിടത്തും നിയമിച്ചിരിക്കുന്നവരുടെ അടിസ്ഥാന യോഗ്യതകളറിയുമ്പോള്‍ സന്ദേഹിച്ചുപോകും, കേരളത്തില്‍ ജീവിക്കണോ ബഹിരാകാശത്തു ജീവിക്കണോ എന്ന്.

follow us: PATHRAM ONLINE LATEST NEWS

Similar Articles

Comments

Advertismentspot_img

Most Popular