സമ്പര്‍ക്കത്തിലൂടെ ഉണ്ടാകുന്ന കൊവിഡ് കേസുകളുടെ തോത് 20.64 ശതമാനം ആയി ഉയര്‍ന്നു ; സമ്പര്‍ക്ക കേസുകള്‍ വര്‍ധിക്കുന്നത് അപകടകരമായ സാഹചര്യത്തിലേക്കാണ് നയിക്കുന്നതെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്താനത്ത് സമ്പര്‍ക്കത്തിലൂടെ ഉണ്ടാകുന്ന കൊവിഡ് കേസുകളുടെ തോത് 20.64 ശതമാനം ആയി ഉയര്‍ന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതര സംസ്ഥാനങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്ന കൊവിഡ് രോഗികളില്‍ നിന്ന് പ്രൈമറി സെക്കന്‍ഡറി കോണ്ടാക്ടുകള്‍ ഉണ്ടാകുന്നുണ്ട്. മൊത്തം കേസുകളുടെ അനുപാതമായി സമ്പര്‍ക്ക കേസുകള്‍ വര്‍ധിക്കുന്നത് അപകടകരമായ സാഹചര്യത്തിലേക്കാണ് നയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ഏതാനം ദിവസങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ജൂണ്‍ പകുതിയില്‍ 9.63 ശതമാനമായിരുന്നു സമ്പര്‍ക്ക കേസുകളുടെ തോത്. അത് ജൂണ്‍ 27 ന് 5.11 ശതമാനമായി. ജൂണ്‍ 30 ന് 6.16 ശതമാനമായി. ഇന്നലത്തെ കണക്ക് അനുസരിച്ച് 20.64 ആയി ഉയര്‍ന്നു. സാമൂഹ്യ വ്യാപനം തര്‍ക്കവിഷയമാക്കേണ്ടതില്ല. സമൂഹത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് രോഗ സാധ്യതയുണ്ടെന്ന് കരുതി ടെസ്റ്റിംഗ് വര്‍ധിപ്പിക്കാനും ചികിത്സാ സംവിധാനങ്ങള്‍ വിപുലീകരിക്കാനുമാണ് ശ്രമിക്കുന്നത്.

ഗുരുതരമായ രോഗികളെ ചികിത്സിക്കാന്‍ ജില്ലകളില്‍ രണ്ട് വീതം കൊവിഡ് ആശുപത്രികളുണ്ട്. അത്ര കടുത്ത രോഗമില്ലാത്തവരെ പരിചരിക്കാന്‍ ഓരോ കൊവിഡ് ആശുപത്രിയുമായി ബന്ധപ്പെടുത്തി കൊവിഡ് പ്രഥമ ഘട്ട ചികിത്സാ സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം ക്രമാധീതമായി വര്‍ധിച്ചാല്‍ സ്വകാര്യ മേഖലയുമായി സഹകരിച്ച് ചികിത്സ ഉറപ്പാക്കാന്‍ എ,ബി,സി എന്നീ പ്ലാനുകളും തയാറാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 123 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 51 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 204 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് 35, സിഐഎസ്എഫ് 1, ബിഎസ്എഫ് 2 ഉദ്യോഗസ്ഥര്‍ക്കും രോഗം ബാധിച്ചു. ഇന്ന് രോഗം ഭേദമായത് 112 പേര്‍ക്കാണ്.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 129, ആലപ്പുഴ 50, മലപ്പുറം 41, പത്തനംതിട്ട 32, പാലക്കാട് 28, കൊല്ലം 28, കണ്ണൂര്‍ 23, എറണാകുളം 20, തൃശൂര്‍ 17, കാസര്‍ഗോഡ് 17, കോഴിക്കോട് 12, ഇടുക്കി 12, കോട്ടയം 7

24 മണിക്കൂറിനിടെ 11,693 സാമ്പിളുകള്‍ പരിശോധിച്ചു. നിരീക്ഷണത്തിലുള്ളത്. 1,84,112 പേരാണ്. 3517 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 472 പേരെയാണ്. ആകെ 2,26,868 സാമ്പിളുകള്‍ ഇതുവരെ പരിശോധനക്ക് അയച്ചു. 4522 സാമ്പിളുകളുടെ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 70,112 സാമ്പിളുകള്‍ ശേഖരിച്ചു. അതില്‍ 66132 സാമ്പിളുകള്‍ നെഗറ്റീവായി. ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 193 ആയി ഉയര്‍ന്നു.

follow us: pathram online

pathram:
Leave a Comment