ദുബെയെ കൊന്നത് ശിവഭഗവാനെന്ന് ഉമാഭാരതി

ഏറ്റുമുട്ടലിനിടയില്‍ ഗുണ്ടാനേതാവ് വികാസ് ദുബെയെ കൊലപ്പെടുത്തിയ ഉത്തര്‍പ്രദേശ് പോലീസിനെ അഭിനന്ദിച്ച് മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ഉമാഭാരതി. ദേവേന്ദ്ര മിശ്രയെപ്പോലുളള സത്യസന്ധനായ ഒരു പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ ‘അസുര’നായ ദുബേയുടെ ജീവനെടുത്തത് ‘ഭഗവാന്‍ ശിവനാ’ണെന്നാണ് ഉമാഭാരതി അഭിപ്രായപ്പെട്ടത്.

എന്നാല്‍ ഇതുസംബന്ധിച്ച് മൂന്നുകാര്യങ്ങളില്‍ ഇപ്പോഴും അവ്യക്തതയുണ്ടെന്ന് ഉമാഭാരതി പറഞ്ഞു. ഉജ്ജെയിനിലേക്ക് എങ്ങനെയാണ് ദുബെ എത്തിയത്? ഉജ്ജെയിനിലെ മഹാകാല്‍ ക്ഷേത്രത്തില്‍ എത്രനാള്‍ ദുബെ താമസിച്ചു? സിസിടിവി ദൃശ്യങ്ങളില്‍ നിന്ന എളുപ്പത്തില്‍ തിരിച്ചറിയാമായിരുന്ന ദുബെയെ തിരിച്ചറിയാന്‍ താമസിച്ചത് എന്തുകൊണ്ടാണ്? തുടങ്ങിയ മൂന്നുകാര്യങ്ങളിലാണ് അവര്‍ സംശയം പ്രകടിപ്പിച്ചത്.

ഉത്തര്‍പ്രദേശില്‍ എട്ടുപോലീസുകാരെ വെടിവെച്ചുകൊന്ന കേസിലെ മുഖ്യപ്രതിയായ ദുബെയെ ഉജ്ജെയിനില്‍ വെച്ച് വ്യാഴാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഉജ്ജെയിനില്‍ നിന്ന് ദുബെയും കൊണ്ട് ഉത്തര്‍പ്രദേശ് സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് ഉത്തര്‍പ്രദേശിലേക്ക് യാത്ര തിരിച്ചു.

വെള്ളിയാഴ്ച പുലര്‍ച്ചെ ഇവര്‍ സഞ്ചരിച്ച വാഹനം കാണ്‍പുരില്‍ വെച്ച് മറിഞ്ഞു. കാര്‍ മറിഞ്ഞതിനു പിന്നാലെ, പരിക്കേറ്റ പോലീസുകാരന്റെ തോക്ക് തട്ടിയെടുത്ത് ദുബെ രക്ഷപ്പെടാന്‍ ശ്രമിച്ചതായി കാണ്‍പുര്‍ വെസ്റ്റ് എസ്.പി. മാധ്യമങ്ങളോടു പറഞ്ഞു. പോലീസ് ദുബെയോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതിനിടെ ഇയാള്‍ പോലീസിനു നേര്‍ക്ക് വെടിയുതിര്‍ത്തു. പോലീസ് തിരിച്ചു നടത്തിയ വെടിവെപ്പില്‍ വികാസിന് പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

സിനിമാ കഥയെ വെല്ലുന്ന ജീവിതമായിരുന്നു വികാസ് ദുബെയുടെത്… സ്വന്തമായി അംഗരക്ഷകരുടെ സംഘവും കൊടിയുടെ വ്യത്യാസമില്ലാതെ രാഷ്ട്രീയ സ്വാധീനങ്ങളും ദുബെയെ കൊടുംകുറ്റവാളിയാക്കി മാറ്റി. വെള്ളിയാഴ്ചയാണ് ഉത്തര്‍ പ്രദേശ് പോലീസിന്റെ വെടിയേറ്റ് ദുബെ കൊല്ലപ്പെടുന്നത്.

ദുബെയെ പിടികൂടാനായി പുറപ്പെട്ട പോലീസ് സംഘത്തിലെ എട്ട് പേരെ വെടിവച്ചു കൊന്നതോടെയാണ് അമ്പതുകാരനായ ദുബെ വാര്‍ത്തകളില്‍ നിറയുന്നത്. വികാസ് ദുബെയുടെ രാഷ്ട്രീയ സ്വാധീനം വ്യക്തമാക്കുന്ന നിരവധി ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ വഴി പുറത്തുവന്നത്. ഭരണകക്ഷിയായ ബി.ജെ.പിയിലെ മന്ത്രിയ്‌ക്കൊപ്പം വേദി പങ്കിടുന്ന ചിത്രവും ഭാര്യ റിച്ച ദുബെ സില പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ വോട്ട് അഭ്യാര്‍ത്ഥിച്ചു കൊണ്ടുള്ള പോസ്റ്ററും ഇതില്‍ ഉള്‍പ്പെടും. നിലവില്‍ പ്രതിപക്ഷത്തുള്ള രണ്ട് നേതാക്കളുടെ ഫോട്ടോയും ഈ പോസ്റ്ററില്‍ കാണാം.

ദുബെയുടെ അമ്മ മറ്റൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. ദുബെ ഇപ്പോള്‍ ബി.ജെ.പിയ്ക്ക് ഒപ്പമല്ല സമാജ്വാദി പാര്‍ട്ടിയ്‌ക്കൊപ്പമാണെന്നായിരുന്നു അമ്മ സര്‍ള ദേവിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ സമാജ്വാദി പാര്‍ട്ടി വക്താവ് ഈ ആരോപണം നിഷേധിച്ച് രംഗത്തെത്തി

2000-ത്തില്‍ സില പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ദുബെ വിജയിച്ചു. കൊലക്കേസില്‍ അറസ്‌ററ് ചെയ്യപ്പെട്ട ദുബെ ജയിലില്‍ കിടന്നാണ് മത്സരിച്ചത്.

2001-ല്‍ ശിവ്‌ലി പോലീസ് സ്റ്റേഷനില്‍ വെച്ച് ബി.ജെ.പി. നേതാവായ സന്തോഷ് ശുക്ലയെ വെടിവച്ചു കൊന്ന കേസിലെ പ്രധാന പ്രതിയാണ് ദുബെ. അറുപതോളം കേസുകളാണ് ദുബെയുടെ പേരിലുള്ളത്. നിരവധി തവണ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ദുബെയ്ക്ക് ജാമ്യം ലഭിച്ചു. ജയിലില്‍ വെച്ചു പോലും ദുബെ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നുപോലും ദുബെയ്ക്ക് അകമഴിഞ്ഞ് സഹായം ലഭിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിനെ തുടര്‍ന്നാണ് ദുബെ പോലീസിന്റെ നീക്കം കൃത്യമായി അറിഞ്ഞതും രണ്ട് പോലീസുകാര്‍ കൊല്ലപ്പെട്ടതും. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായിരുന്നു.

കാണ്‍പൂര്‍ വെടിവയ്പ്പിന് ശേഷം രക്ഷപ്പെട്ട ദുബെയെ ആറ് ദിവസങ്ങള്‍ക്ക് ശേഷം മധ്യപ്രദേശിലെ ഉജ്ജയിനില്‍ വെച്ചാണ് അറസ്റ്റിലാകുന്നത്. ഇവിടെയുള്ള ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന കഴിഞ്ഞെത്തിയ ദുബെയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു.

അറസ്റ്റിന് ശേഷം വികാസ് ദുബെയുമായി സഞ്ചരിച്ചു കാര്‍ അപകടത്തില്‍ പെടുകയും ഈ സമയം പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച ദുബയെ വെടിവയ്ക്കുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. ദുബെ കൊല്ലപ്പെട്ടെങ്കിലും വിവാദങ്ങള്‍ അവസാനിക്കുന്നില്ല.

FOLLOW US: pathram online

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7