മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നു എന്‍.ഐ.എ; സ്വപ്നയ്ക്ക് എഫ്.ഐആറിന്റെ പകര്‍പ്പ് നല്‍കണമെന്നു കോടതി; അറസ്റ്റ് തടഞ്ഞില്ല; ഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി

കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഓണ്‍ലൈനായാണ് കോടതി ഹര്‍ജി പരിഗണിച്ചത്.

സ്വപ്നയ്ക്കും സന്ദീപിനും സരിത്തിനും കള്ളക്കടത്തില്‍ പങ്കുണ്ടെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും എന്‍.ഐ.എ കോടതിയില്‍ ആവശ്യപ്പെട്ടു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പണം സംഭരിക്കാനാണ് കള്ളക്കടത്തെന്നും സ്വപ്നയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. തുടര്‍ന്ന് കോടതി ജാമ്യഹര്‍ജി ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. എഫ്.ഐആറിന്റെ പകര്‍പ്പ് സ്വപ്നയ്ക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം അറസ്റ്റ് കോടതി തടഞ്ഞിട്ടുമില്ല.

ബുധനാഴ്ച ഓണ്‍ലൈനായാണ് സ്വപ്ന മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.

സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്നും യു.എ.ഇ. കോണ്‍സുലേറ്റിന്റെ നിര്‍ദേശ പ്രകാരമാണ് ബാഗേജിനായി ഇടപെട്ടതെന്നുമാണ് ജാമ്യഹര്‍ജിയില്‍ സ്വപ്നയുടെ വാദം. ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം കടത്തിയ കേസായതിനാല്‍ കസ്റ്റംസിന് അന്വേഷണത്തിന് പരിമിതികളുണ്ട്. അതിനിടയിലാണ് കോണ്‍സുലേറ്റിന്റെമേല്‍ കുറ്റങ്ങള്‍ ചാരാനുള്ള നീക്കം നടത്തുന്നത്. കോണ്‍സുലേറ്റിലെ കീഴ്ജീവനക്കാരെ ചോദ്യം ചെയ്യുന്നതില്‍പോലും നയതന്ത്രപരമായ ഒട്ടേറെ തടസ്സങ്ങളുണ്ട്. അത് മനസ്സിലാക്കിയാണ് കോണ്‍സല്‍ ജനറല്‍ പറഞ്ഞപ്രകാരം പ്രവര്‍ത്തിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് സ്വപ്നയുടെ ജാമ്യഹര്‍ജിയില്‍ പറയുന്നത്.

കഴിഞ്ഞ ഒരാഴ്ചയായി കസ്റ്റംസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുകയാണ് സ്വപ്ന. തമിഴ്നാട്ടിലേക്ക് കടന്നുവെന്നും ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തിരുവനന്തപുരത്തും മറ്റുമായി കസ്റ്റംസ് തിരച്ചില്‍ വ്യാപകമാക്കിയെങ്കിലും സ്വപ്നയുടെ ഒളിത്താവളം സംബന്ധിച്ച് യാതൊരു സൂചനയും ഇതുവരെ കസ്റ്റംസ് ലഭിച്ചിട്ടില്ല.

follow us: pathram online latest news

pathram:
Related Post
Leave a Comment