അനാവശ്യ നിയന്ത്രണങ്ങള്‍ ; പൂന്തുറയില്‍ ലോക്ഡൗണ്‍ ലംഘിച്ച് ജനങ്ങള്‍ തെരുവിലിറങ്ങി; പൊലീസ് വാഹനങ്ങള്‍ തടഞ്ഞ് പ്രതിഷേധം

തിരുവനന്തപുരം: പൂന്തുറയില്‍ ലോക്ഡൗണ്‍ ലംഘിച്ച് ജനങ്ങള്‍ തെരുവിലിറങ്ങി. കോവിഡ് പോസിറ്റീവായവര്‍ക്കു വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്നും അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നുമാണു നാട്ടുകാരുടെ ആരോപണം. മൂന്നു പൊലീസ് വാഹനങ്ങള്‍ തടഞ്ഞിട്ടു.

അതേസമയം, പൂന്തുറയില്‍ രോഗം പടര്‍ന്നത് അയല്‍ സംസ്ഥാനക്കാരില്‍നിന്നാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. രോഗം വ്യാപിച്ച ഇതര സംസ്ഥാനങ്ങളില്‍ന്നു വരുന്നവരോട് ഇടപെടുന്നതില്‍ ശ്രദ്ധ വേണം. പൂന്തുറയില്‍ പ്രായമായവര്‍ക്ക് സുരക്ഷിത കേന്ദ്രമൊരുക്കാന്‍ ആലോചന. വീടാണ് സുരക്ഷിതകേന്ദ്രം. പരമാവധി വീടുകളില്‍ കഴിയണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

പൂന്തുറ ഉള്‍പ്പെടുന്ന തീരമേഖലയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാണ്. ഒരാഴ്ചക്കിടെ 196 പേര്‍ക്കാണ് ഇവിടെ മാത്രം കോവിഡ് പോസിറ്റീവായത്. മാണിക്യവിളാകം, പുത്തന്‍പളളി, വളളക്കടവ്, ബീമാപളളി, ബീമാപളളി ഈസ്റ്റ്, വലിയതുറ, മുട്ടത്തറ വാര്‍ഡുകളിലും കടുത്ത നിയന്ത്രങ്ങളാണ് നിലവിലുളളത്.

റേഷന്‍ വാങ്ങാനും ആശുപത്രി ആവശ്യത്തിനുമല്ലാതെ വീടിനു പുറത്തിറങ്ങുന്നവരെ നിര്‍ബന്ധിതമായി ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്കു മാറ്റും. രോഗവ്യാപനം വര്‍ധിച്ചാല്‍ ഒരാഴ്ചത്തേയ്ക്കു പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്ഡൗണ്‍ നീട്ടാനും സാധ്യതയുണ്ട്. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കും ബേക്കറിക്കടക്കാരനും കെഎസ്ആര്‍ടിസി സ്‌റ്റേഷന്‍ മാസ്റ്റര്‍ക്കുമുള്‍പ്പെടെ രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണായ ആര്യനാടും സമൂഹവ്യാപനത്തിന്റെ ഭീതിയിലാണ്.

pathram:
Related Post
Leave a Comment