ന്യൂഡല്‍ഹി: സ്വര്‍ണ്ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനും വിദേശകാര്യ സഹമന്ത്രി വി മുരളീധരനും കൂടിക്കാഴ്ച നടത്തി. കേസിന്റെ വിവരങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തേടിയതിനു പിന്നാലെയാണ് കൂടിക്കാഴ്ച. കസ്റ്റംസ് അന്വേഷണത്തിന്റെ ഗതി വിലയിരുത്തിയ ശേഷം കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ അന്വേഷണം വേണോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചനകള്‍.
പ്രധാനമന്ത്രിയുടെ ഓഫീസ് സ്വര്‍ണക്കള്ളക്കടത്ത് കേസ് വളരെ കര്‍ശനമായി നിരീക്ഷിക്കുന്ന സാഹചര്യത്തിലാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമനും വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായുള്ള കൂടിക്കാഴ്ച നടന്നത്. പരോക്ഷ നികുതി ബോര്‍ഡിനോട് ധനമന്ത്രി ഈ കേസിന്റെ വിവരങ്ങള്‍ ആരാഞ്ഞു. ഗൂഢാലോചന അന്വേഷിക്കാന്‍ വേറെ ഏജന്‍സി വേണോ എന്നും ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്
കസ്റ്റംസ് നടത്തുന്ന അന്വേഷണത്തിന്റെ ഗതി എങ്ങോട്ടാണെന്ന് വിലയിരുത്തിയ ശേഷം മാത്രമായിരിക്കും കേന്ദ്രതലത്തിലുള്ള അന്വേഷണത്തിന് തീരുമാനമെടുക്കൂ എന്നാണ് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍. കസ്റ്റംസിന് ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ നടത്താനുള്ള അധികാരമില്ല. സ്വര്‍ണ്ണക്കടത്ത് എങ്ങോട്ടാണ്, ആര്‍ക്കു വേണ്ടിയാണ് എന്ന കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. അതിനു ശേഷം മാത്രമായിരിക്കും കേന്ദ്രതലത്തിലുള്ള അന്വേഷണത്തെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുക.
ക്രിമിനല്‍ കേസായി രൂപാന്തരപ്പെടുകയാണെങ്കില്‍ സിബിഐ അന്വേഷണത്തിനുള്ള സാധ്യത തെളിയും. സ്വര്‍ണ്ണം വന്നത് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണെങ്കില്‍ എന്‍ഐഎ അന്വേഷണമുണ്ടാകും. യു.എ.ഇയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ട് യു.എ.ഇ പൗരന്‍മാരെ ചോദ്യം ചെയ്യണമെന്നുള്ള ആവശ്യം കസ്റ്റംസ് മുന്നോട്ടു വെച്ചിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ വിദേശ മന്ത്രാലയത്തിനും നടപടികളെടുക്കേണ്ടി വരും.
FOLLOW US: pathram online