ട്രിപ്പിള്‍ ലോക്ഡൗണ്‍; തിരുവനന്തപുരത്ത് കൂടുതല്‍ ഇളവുകള്‍

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന തിരുവനന്തപുരത്ത് ഐടി മേഖലയില്‍ മിനിമം പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടെക്‌നോപാര്‍ക്കിലെ സ്ഥാപനങ്ങള്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിന്റെ ഭാഗമായി അനുഭവിക്കുന്ന പ്രയാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. മിനിമം പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. ബാക്കിയുള്ളവര്‍ വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കണം. മന്ത്രിമാരുടെ ഓഫീസുകളില്‍ മിനിമം സ്റ്റാഫിനെ മാത്രമെ നിലനിര്‍ത്തൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചെങ്കിലും ജനം വലഞ്ഞതോടെ സർക്കാർ ചില ഇളവുകൾ പ്രഖ്യാപിക്കുകയായിരുന്നു. അവശ്യ സാധനങ്ങൾ പൊലീസ് വീട്ടിലെത്തിക്കുമെന്നായിരുന്നു നേരത്തെ തീരുമാനം. എന്നാൽ, ഇത് പ്രായോഗികമല്ലാത്തതിനാൽ ചില ഇളവുകൾ അനുവദിക്കാൻ സർക്കാർ നിർബന്ധിതരായി.

അവശ്യസാധന വിതരണം അടിയന്തരഘട്ടത്തില്‍ മാത്രമായിരിക്കും. പലചരക്ക്, പാല്‍, പച്ചക്കറി കടകളിലേക്ക് അവശ്യ സാധനങ്ങൾ വാങ്ങാൻ വീട്ടിൽ നിന്ന് പുറത്തിറങ്ങാം. എന്നാൽ, വീടിനു തൊട്ടടുത്തുള്ള കടകളിലേ പോകാവൂ. മരുന്ന് കടയില്‍ പോകാനും അനുമതിയുണ്ട്. പുറത്തിറങ്ങുന്നവർ എന്ത് ആവശ്യത്തിനായാലും അത് വ്യക്തമാക്കി സാക്ഷ്യപത്രം കയ്യിൽ കരുതണം. പച്ചക്കറി, പലചരക്ക് കടകള്‍ രാവിലെ 7 മുതല്‍ 11 വരെ തുറക്കും. പത്ത് ജനകീയ ഹോട്ടലുകള്‍ തുറക്കാൻ തീരുമാനിച്ചു. മെഡിക്കൽ കോളജിലും ആര്‍സിസിയിലും ജയിലില്‍ നിന്ന് ഭക്ഷണം എത്തിക്കും. അടിയന്തര ആവശ്യങ്ങൾക്ക് മാത്രം 9497900999 എന്ന നമ്പറിൽ പൊലീസിനെ വിളിക്കാം. മരുന്ന് കിട്ടാന്‍: 9446748626, 9497160652, 0471 2333101.

സംസ്ഥാനത്ത് പാരാമിലിറ്ററി വിഭാഗത്തില്‍പ്പെട്ട 104 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അവരുടെ താമസത്തിനിടെ രോഗം പകരാതിരിക്കാന്‍ ക്രമീകരണം ഉണ്ടാക്കാന്‍ ജില്ലാ ഭരണസംവിധാനത്തിന് നിര്‍ദേശം നല്‍കി. ക്യാമ്പില്‍ നിന്ന് രോഗമില്ലാത്തവര്‍ പുറത്ത് പോകുമ്പോള്‍, മാര്‍ക്കറ്റുകളിലും മറ്റും പോകുന്നത് രോഗ വ്യാപനത്തിന് ഇടയാക്കും. എന്തെങ്കിലും സാധനങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ അത് ക്യാമ്പില്‍ എത്തിച്ചുനല്‍കും.

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധന ശക്തിപ്പെടുത്തും. ദിവസം തോറും അതിര്‍ത്തി കടന്നുള്ള പോക്ക് വരവ് അനുവദിക്കില്ല. പ്രത്യേകിച്ച് മഞ്ചേശ്വരം ഭാഗത്ത്. മഞ്ചേശ്വരത്ത് നിന്ന് ധാരാളം പേര്‍ ദിനംപ്രതി മംഗലാപുരത്ത് പോയി വരുന്നവരുണ്ട്. മംഗലാപുരത്ത് നിന്ന് മഞ്ചേശ്വരത്തും കാസര്‍ഗോഡുമായി വന്ന് തിരിച്ചുപോകുന്നവരുണ്ട്. ഇത് രോഗവ്യാപനത്തിന് ഇടയാക്കുന്നുണ്ട്. അതുകൊണ്ട് ദിവസേനയുള്ള പോക്കുവരവ് അനുവദിക്കില്ല. ജോലിയുമായി ബന്ധപ്പെട്ട് പോകേണ്ടവര്‍ ദിവസേന എന്നത് ഉപേക്ഷിച്ച് മാസത്തില്‍ ഒരുതവണ എന്ന രീതിയില്‍ ക്രമീകരിക്കണം.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 167 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇന്ന് രോഗം ബാധിച്ചവരില്‍ 92 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 65 പേര്‍ വന്നു. സമ്പര്‍ക്കത്തിലൂടെ 35 പേര്‍ക്ക് രോഗം ബാധിച്ചു.

FOLLOW US: pathram online

Similar Articles

Comments

Advertismentspot_img

Most Popular