കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ക്രിക്കറ്റ് താരം അറസ്റ്റില്‍

കൊളംബോ: കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ശ്രീലങ്കയുടെ ക്രിക്കറ്റ് താരം കുശാല്‍ മെന്‍ഡിസ് അറസ്റ്റില്‍. കൊളംബോയിലെ പാനാദുരയില്‍വെച്ച് രാവിലെ 5.30നാണ് കുശാലിന്റെ കാറിടിച്ച് 64കാരനായ വഴിയാത്രക്കാരന്‍ മരിച്ചത്. താരത്തെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ കുശാല്‍ മെന്‍ഡിസ് ശ്രീലങ്കയ്ക്കായി 44 ടെസ്റ്റ് മത്സരങ്ങളും 76 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ ഇതുവരെ 2995 റണ്‍സും ഏകദിനത്തില്‍ 2167 റണ്‍സും 25കാരന്റെ അക്കൗണ്ടിലുണ്ട്. 26 ട്വന്റി20 മത്സരങ്ങളില്‍ നിന്ന് 484 റണ്‍സും നേടി. കോവിഡ്19 പ്രതിസന്ധിക്ക് ശേഷം പരിശീലനം തുടങ്ങിയ ശ്രീലങ്കന്‍ ടീമിന്റെ ക്യാമ്പില്‍ കുശാലമുണ്ടായിരുന്നു.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയുടെ ലങ്കന്‍ പര്യടനം അടക്കമുള്ള മത്സരങ്ങളെല്ലാം മാറ്റിവെച്ചിരിക്കുകയാണ്. ഓരോ വര്‍ഷവും വാഹനാപകടങ്ങളില്‍ ലങ്കയില്‍ 3000ത്തില്‍ അധികം ആളുകളാണ് കൊല്ലപ്പെടുന്നത്. 2003ല്‍ ലങ്കയുടെ മുന്‍ സ്പിന്‍ ബൗളര്‍ കുശാല്‍ ലോകൗറാച്ചിയെ പോലീസ് വാഹനപകടക്കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ലോകൗറാച്ചിയുടെ കാറിടിച്ച് വഴിയാത്രക്കാരി മരിച്ച സംഭവത്തിലായിരുന്നു ഇത്. തുടര്‍ന്ന് താരത്തെ നാല് വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു.

pathram:
Related Post
Leave a Comment