വിരാട് കോലിയുമായല്ല, പാക്കിസ്ഥാന്‍ ക്രിക്കറ്റിലെ ഇതിഹാസങ്ങളുമയി താരതമ്യം ചെയ്യൂ പാക്ക് താരം

ഇസ്‌ലാമാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയുമായി തന്നെ താരതമ്യം ചെയ്യുന്നതിനെ വിമര്‍ശിച്ച് പാക്കിസ്ഥാന്‍ യുവതാരം ബാബര്‍ അസം രംഗത്ത്. വിരാട് കോലിയുമായല്ല, പാക്കിസ്ഥാന്‍ ക്രിക്കറ്റിലെ ഇതിഹാസങ്ങളായ ജാവേദ് മിയാന്‍ദാദ്, യൂനിസ് ഖാന്‍, ഇന്‍സമാം ഉള്‍ ഹഖ് തുടങ്ങിയവരുമായിട്ടാണ് തന്നെ താരതമ്യം ചെയ്യേണ്ടതെന്ന് അസം അഭിപ്രായപ്പെട്ടു. പാക്കിസ്ഥാന്‍ ക്രിക്കറ്റില്‍ ഇതിഹാസ താരങ്ങളുള്ളപ്പോള്‍ താരതമ്യത്തിനായി എന്തിനാണ് ഇന്ത്യയിലേക്കു നോക്കുന്നത് എന്നാണ് അസമിന്റെ ചോദ്യം.

മറ്റ് താരങ്ങളുമായി എന്നെ താരതമ്യം ചെയ്യണമെങ്കില്‍ വിരാട് കോലിക്കു പകരം പാക്കിസ്ഥാന്‍ ക്രിക്കറ്റിലെ ഇതിഹാസങ്ങളുമായി താരതമ്യം ചെയ്യൂ. നമുക്ക് ജാവേജ് മിയാന്‍ദാദ്, യൂനിസ് ഖാന്‍ ഇന്‍സമാം ഉള്‍ ഹഖ് തുടങ്ങിയ ഇതിഹാസങ്ങളുണ്ടല്ലോ. ഈ താരങ്ങളുമായി താരതമ്യം ചെയ്യുന്നതാണ് എനിക്ക് കൂടുതലിഷ്ടം. എന്റെ നേട്ടങ്ങളെക്കുറിച്ച് അഭിമാനിക്കാന്‍ അതിലൂടെ കഴിയും’ അസം വ്യക്തമാക്കി.

രാജ്യാന്തര ക്രിക്കറ്റില്‍ വിരാട് കോലിക്കു സമാനമായ രീതിയില്‍ പ്രതിഭാ സ്പര്‍ശത്തോടെ ഉദിച്ചുയര്‍ന്നതിനു പിന്നാലെയാണ് ബാബര്‍ അസമിനെ ഇന്ത്യന്‍ ക്യാപ്റ്റനുമായി താരതമ്യം ചെയ്യാന്‍ ആരംഭിച്ചത്. ഐസിസിയുടെ ട്വന്റി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ബാറ്റ്‌സ്മാനാണ് ബാബര്‍ അസം. കോലിയാകട്ടെ, ഐസിസി ഏകദിന റാങ്കിങ്ങിലും ഒന്നാമതുണ്ട്. ലിമിറ്റഡ് ഓവര്‍ മത്സരങ്ങളില്‍ നിലവില്‍ പാക്ക് ടീമിന്റെ നായകന്‍ കൂടിയാണ് അസം.

ഏകദിനത്തിലും ട്വന്റി20യിലും 50നു മുകളില്‍ ശരാശരി സൂക്ഷിക്കുന്ന താരം കൂടിയാണ് ഇരുപത്തഞ്ചുകാരനായ ബാബര്‍ അസം. ടെസ്റ്റിലും 45നു മുകളില്‍ ശരാശരിയുണ്ട്. അതേസമയം, മൂന്നു ഫോര്‍മാറ്റിലും 50നു മുകളില്‍ ശരാശരിയുള്ള ഏക ബാറ്റ്‌സ്മാനാണ് വിരാട് കോലി.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാസങ്ങളായി നിര്‍ജീവമായി കിടക്കുന്ന രാജ്യാന്തര ക്രിക്കറ്റ് പുനരാരംഭിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിലെത്തിയ പാക്കിസ്ഥാന്‍ ടീമില്‍ അംഗമാണ് ബാബര്‍ അസം. മൂന്നു ടെസ്റ്റും മൂന്നു ട്വന്റി20 മത്സരങ്ങളും ഉള്‍പ്പെടുന്നതാണ് പാക്കിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനം. ഇംഗ്ലണ്ടിലെത്തിയ പാക്കിസ്ഥാന്‍ ടീം നിലവില്‍ ചട്ടപ്രകാരം ക്വാറന്റീനില്‍ കഴിയുകയാണ്. ഇപ്പോള്‍ നടക്കുന്ന വെസ്റ്റിന്‍ഡീസിന്റെ ഇംഗ്ലണ്ട് പര്യടനത്തിനു ശേഷമാകും പാക്കിസ്ഥാന്‍ ഇംഗ്ലണ്ട് പരമ്പരയ്ക്കു തുടക്കമാകുക.

follow us: PATHRAM ONLINE

pathram:
Leave a Comment